തിരുവനന്തപുരം: കോവിഡിെൻറ രൂക്ഷമായ ഘട്ടമാണിപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാവരും ചേർന്ന് ശക്തമായ പ്രതിരോധം ഏർപ്പെടുത്തേണ്ടതുണ്ട്. ലോകത്തെവിടെയും കോവിഡ് അവസാനിച്ചിട്ടില്ല. അവസാനിച്ചു എന്നു കരുതിയിടത്തെല്ലാം വീണ്ടും പടർന്നുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിനാളുകൾ മരിക്കുന്നു. അയൽ സംസ്ഥാനങ്ങളിലും പ്രതിദിനം നൂറോളം ആളുകൾ മരിക്കുന്നു. നമ്മളും കൂട്ടത്തോടെ മരിച്ചുപോകാനുള്ള സാഹചര്യമുണ്ട്. എന്നാൽ നമ്മൾ പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നും കോവിഡ് വ്യാപനത്തിെൻറ മൂന്നാം ഘട്ടത്തെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ‘മീഡിയ വൺ’ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000ത്തിൽ കൂടിയാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിന് താങ്ങാനാവില്ല. ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ സമ്പൂർണ ലോക്ഡൗൺ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ നേരത്തേ തന്നെ കാര്യങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. കൂടുതൽ ആളുകൾ വിദേശത്തു നിന്ന് ഇവിടേക്ക് എത്തുന്നതോടെ കോവിഡ് കേസുകൾ വർധിക്കുമെന്ന് ആദ്യമേ പ്രതീക്ഷിച്ചിരുന്നു. പ്ലാൻ എ,ബി,സി തുടക്കത്തിൽ തന്നെ ഉണ്ടാക്കി. അതിെൻറ ഭാഗമായാണ് കോവിഡ് ആശുപത്രികൾക്ക് പുറമെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾക്ക് കൂടി തുടക്കം കുറിച്ചത്.
രോഗികൾ വർധിക്കുന്നതിനനുസരിച്ച് എന്ത് ചെയ്യണം, എവിടെ പ്രവേശിപ്പിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി തീരുമാനമെടുത്തിട്ടുണ്ട്. അതനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ അനിയന്ത്രിതമായി രോഗികൾ കൂടിയാൽ നമ്മൾ വീണുപോകും. അതുകൊണ്ടാണ് കർശനമായ നിബന്ധനകൾ പാലിക്കണമെന്ന് പറയുന്നത്. രോഗപകർച്ചയുടെ കണ്ണി പൊട്ടിക്കാൻ എല്ലാ പൗരൻമാരും ഉത്സാഹിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.