തൃശൂർ: ‘‘കോവിഡിൽ നാടകക്കാരായ ഞങ്ങൾ ശരിക്കും ഭിക്ഷക്കാരെപ്പോലെ ആയിരുന്നു. ചിലരുടെതിൽനിന്ന് പണം ചോദിക്കുക; ചിലരുടെതിൽ നിന്ന് അരി. ഒന്നല്ല, ബന്ധുക്കളായ 50 പേരുടെ വയറായിരുന്നു നിറയേണ്ടത്. ശരിക്കും കരഞ്ഞുപോയി.
തെലങ്കാന സർക്കാറായിരുന്നു ഒടുവിൽ രക്ഷകരായി വന്നത്’’ -138 വർഷം പഴക്കമുള്ള സുരഭി തിയറ്റർ ഗ്രൂപ്പിന്റെ നടത്തിപ്പുകാരനും ഇറ്റ്ഫോക്കിൽ കളിച്ച ‘മായാബസാർ’ നാടക സംവിധായകനുമായ സുരഭി ജയചന്ദ്ര വർമ കോവിഡ് കാലത്തെ ഓർത്തെടുക്കുകയാണ്.
‘‘തെലങ്കാന കൾചർ ആൻഡ് ലാംഗ്വേജ് ഡയറക്ടർ മാമുഡി ഹരികൃഷ്ണയോട് അവസ്ഥ വിവരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: എവിടെയെങ്കിലും പോയി പ്രോഗ്രാം അവതരിപ്പിച്ചോളൂ; ഞങ്ങൾ സഹായിക്കാം. അങ്ങനെ കോവിഡ് കാലത്ത് സർക്കാർ കാരുണ്യത്തിൽ നാളുകൾ കഴിഞ്ഞു.
സുരഭി തിയറ്റർ നിലനിൽക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് എല്ലാവരോടും കൈനീട്ടി. ഓൺലൈൻ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ, പണം അധികം കിട്ടിയില്ല. സർക്കാർ അവിടെയും സഹായത്തിനെത്തി. പണം അനുവദിച്ചു.
ഇറ്റ്ഫോക്കിൽനിന്ന് ക്ഷണം വന്നപ്പോൾ നാടക സാമഗ്രികൾ ലോറിയിൽ എത്തിക്കാൻ മാത്രം ഒരു ലക്ഷം ആവശ്യമായിരുന്നു. ആ തുക പ്രശ്നമായി വന്നപ്പോഴും തെലങ്കാന സാംസ്കാരിക വകുപ്പ് തുണയായി. ഒരു ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
1885ൽ ജയചന്ദ്രന്റെ പ്രപിതാമഹൻ വനരസ ഗോവിന്ദ റാവു ആന്ധ്രപ്രദേശിലെ കടപ്പ റായ്ക്കോട്ടിൽ സുരഭി വില്ലേജ് കേന്ദ്രീകരിച്ച് തുടങ്ങിയ നാടക കമ്പനിയാണിത്. കുടുംബാംഗങ്ങളായിരുന്നു അഭിനേതാക്കൾ. പലയിടത്തും സഞ്ചരിച്ച് നാടകം നടത്തിവരുന്നു.
ഇപ്പോൾ ആറാം തലമുറയുടെ പ്രതിനിധിയാണ് ജയചന്ദ്രൻ. നൂറ്റാണ്ടിലേറെയായി, സുരഭിയുടെ തനത് കുടുംബ നാടക പാരമ്പര്യം നിലനിൽക്കുന്നു. ഈ വലിയ പാരമ്പര്യത്തിൽനിന്നാണ് മായാബസാർ എന്ന നാടകമെത്തിയത്.‘‘ഞാൻ പിറന്നുവീണത് നാടകത്തിന്റെ തട്ടകത്താണ്.
പിഞ്ചു കുട്ടിയായിരിക്കേ തുടങ്ങിയ അഭിനയമാണ്. മൂന്നര വയസ്സുള്ള എന്റെ മക്കളുൾപ്പെടെ കുടുംബവും ബന്ധുക്കളും ഒക്കെ നാടകത്തിന്റെ ഭാഗമാണ്. നാടകത്തിന് ടിക്കറ്റ് വെച്ചാണ് പണം സ്വരൂപിക്കുന്നത്. കോവിഡ് സമയത്ത് കാര്യങ്ങൾ മാറിമറിഞ്ഞു.
തിയറ്ററിലെ കലാകാരനായിരുന്ന മുത്തച്ഛൻ പത്മശ്രീ ജേതാവ് ആർ. നാഗേശ്വര റാവുവും അദ്ദേഹത്തിന്റെ ഭാര്യയും കഴിഞ്ഞ വർഷം മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കടുത്തതോടെ ഒരു ഘട്ടത്തിൽ കമ്പനി നിർത്തുന്നതുപോലും ചിന്തിച്ചിരുന്നു.
പക്ഷേ, കാര്യങ്ങൾ അനുകൂലമായി. ഒരു നാടകം കളിക്കാൻ ഞങ്ങൾ 50 പേർ ശരിക്കും യുദ്ധമാണ് നടത്തുന്നത്. നാളെ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. ഇത് ഞങ്ങളുടെ ചോറാണ്, ജീവിതമാണ്, ജീവനാണ്. ഈ നാടകക്കൂട്ടായ്മ തുടരുകതന്നെ ചെയ്യും’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.