കൊച്ചി: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ കലക്ടർക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കലക്ടറുടെ കോലം കത്തിച്ചതിന് അറസ്റ്റിലായ 23 പേരെയും ഒരുമിച്ചാണ് താമസിപ്പിക്കുന്നത്. കിൽത്താൻ ദ്വീപിനെതിരെയുള്ള കലക്ടറുടെ പ്രസ്ഥാവനയിൽ പ്രതിഷേധിച്ചായിരുന്നു ഇവർ കലക്ടറുടെ കോലം കത്തിച്ചത്.
അതേസമയം, അറസ്റ്റിലായ 23 പേരെ സന്ദർശിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. താമസിപ്പിക്കാൻ ജയിലിൽ സൗകര്യമില്ലാത്തതിനാൽ റിമാൻഡ് ചെയ്ത ഇവരെ പൊലിസ് സ്റ്റേഷന് സമീപത്തെ കമ്യൂണിറ്റി ഹാളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സൗകര്യങ്ങൾ കുറവായ കമ്യൂണിറ്റി ഹാളിൽ ഇത്രയും ആളുകളെ ഒരുമിച്ച് താമസിപ്പിക്കുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
ഗൂഢാലോചന, അന്യായമായി സംഘംചേരൽ, അപകീർത്തിപ്പെടുത്തൽ, അലക്ഷ്യമായി അഗ്നി ഉപയോഗിക്കൽ, പകർച്ചവ്യാധി നിയന്ത്രണനിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതിഷേധങ്ങൾ വകവെക്കാതെ കൂടുതൽ ജനവിരുദ്ധ നടപടികളുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടുപോവുകയാണ്. ടൂറിസം വികസനമെന്ന പേരിൽ സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ തീരുമാനമെടുത്തെന്ന് ആരോപണമുയർന്ന ബംഗാരം ദ്വീപിൽ നാളികേര കർഷകരെ ഒഴിപ്പിക്കാൻ നീക്കംതുടങ്ങി.
കൃഷി ആവശ്യത്തിനും നാളികേരം സൂക്ഷിക്കുന്നതിനുമായി അവർ സ്ഥാപിച്ച ഷെഡുകൾ പൊളിച്ചുമാറ്റാനാണ് അഗത്തി ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവ്. 1955 കാലഘട്ടം മുതൽ ഇവിടെയുള്ള നിർമാണങ്ങളാണ് ഇതുപ്രകാരം നീക്കംെചയ്യപ്പെടുക.
ഇതോടെ നിരവധി കർഷകർക്ക് ഉപജീവനമാർഗമില്ലാതെയാകും. നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് കർഷകരുടെ തീരുമാനം. ലക്ഷദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ രൂപവത്കരിച്ച സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ ആദ്യ കോർ കമ്മിറ്റി യോഗം ചൊവ്വാഴ്ച കൊച്ചിയിൽ നടക്കും.
മുൻ എം.പി പി.പി. കോയ രക്ഷാധികാരിയായ ഫോറം അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ നിയമനടപടികളെക്കുറിച്ച് ചർച്ച ചെയ്യും. ഏതാനും ദിവസത്തിനകം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലെത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.