കൊടകര: ഞായറാഴ്ച നടന്ന ഐ.ഐ.ടി ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്ഡ് പരീക്ഷ എഴുതുന്നതിൽനിന്ന് കോവിഡ് ബാധിതയായ പട്ടികവർഗ വിദ്യാർഥിനിയെ അധികൃതർ തടഞ്ഞു. കോവിഡ് പോസിറ്റിവായ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്താന്‍ പാടില്ലെന്ന് ഐ.ഐ.ടി നിർദേശമുള്ളതിനാലാണ് തടഞ്ഞതെന്നാണ് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥെൻറ വിശദീകരണം.
സഹൃദയ എന്‍ജിനീയറിങ് കോളജില്‍ ഞായറാഴ്ച നടന്ന പരീക്ഷയിൽ കോടശേരി പഞ്ചായത്തിലെ രണ്ടുകൈ മലയന്‍ കോളനിയിലുള്ള എം.ബി. അല്ഗക്കാണ് ഈ ദുര്യോഗമുണ്ടായത്. കലക്ടർ ഇടപെട്ട് പ്രേത്യക ഉത്തരവിറക്കി പരീക്ഷക്കിരുത്താൻ ശ്രമം നടത്തുകയും ഐ.ഐ.ടി പരീക്ഷ ബോർഡ് ചെയർമാനുമായി ബന്ധപ്പെടുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഒരു പരീക്ഷ മാത്രമായി എഴുതിയതുകൊണ്ട് ഫലമില്ലെന്നറിയിച്ചതോടെ പരീക്ഷയെഴുതാതെ വിദ്യാര്‍ഥിനി മടങ്ങിപ്പോയി.
ഐ.ഐ.ടി ഗോരഖ്പുരിെൻറ കീഴിലാണ് പരീക്ഷ നടന്നത്. പ്രിലിമിനറി പരീക്ഷയില്‍ വിജയിച്ച അല്‍ഗ രണ്ടാം ഘട്ട പരീക്ഷക്കായാണ് ഞായറാഴ്ച രാവിലെ ഏഴോടെ സഹൃദയ കോളജിലെ പരീക്ഷ സെൻററിലെത്തിയത്. കോവിഡ് പോസിറ്റിവായതിനാല്‍ പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക വാഹനത്തിലാണ് അമ്മയോടൊപ്പം എത്തിയത്.
കോവിഡ് ബാധിതർക്ക് പരീക്ഷയെഴുതാൻ ഐസൊലേഷന്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സഹൃദയ കോളജിലുണ്ടെങ്കിലും കോവിഡ് ബാധിച്ചവരെ പരീക്ഷ എഴുതിക്കാന്‍ പാടില്ലെന്ന് ചട്ടമുണ്ടെന്ന് പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതേതുടര്‍ന്ന് കലക്ടറുമായി ബന്ധപ്പെട്ട് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കണമെന്ന് വിദ്യാർഥിനി ആവശ്യപ്പെട്ടു.
കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാൻ കലക്ടര്‍ പ്രത്യേക ഉത്തരവിറക്കി. കൊടകര പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്, ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍. രാജു എന്നിവര്‍ സ്ഥലത്തെത്തി അധികൃതരുമായി സംസാരിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്, കെ.കെ. രാമചന്ദ്രന് എം.എല്‍.എ എന്നിവരും വിഷയത്തില്‍ ഇടപെട്ട് വിദ്യാർഥിനിയുമായി സംസാരിച്ചു. എന്നിട്ടും ഫലമില്ലാതെ വന്നതോടെ നിരാശയോടെ അമ്മയും മകളും തിരിച്ചുപോവുകയായിരുന്നു. കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്, കൊടകര കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. സംഗീത എന്നിവരും സ്ഥലത്തെത്തിയിരുന്നു.
അടുത്ത വര്‍ഷം നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ വിദ്യാര്‍ഥിനിയെ അനുവദിക്കാമെന്ന ഐ.ഐ.ടി അധികൃതരുടെ ഉറപ്പ് വിഷയത്തിൽ ഇടപെട്ട ജില്ല ഭരണകൂടത്തിന് ലഭിച്ചതായി സൂചനയുണ്ട്. ജെ.ഇ.ഇ പരീക്ഷ പരിശീലനം സൗജന്യമായി നൽകാമെന്ന് ട്രൈബൽ ഡിപ്പാർട്മെൻറ് ഉറപ്പുനൽകിയതായി അൽഗയുടെ ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.