കാളികാവ്: “കോവിഡ് ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ ജീവൻ തിരിച്ചുകിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. എങ്ങനെയെങ്കിലും ശ്വാസമെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു പ്രാർഥന.
ഇപ്പോൾ രോഗം ഭേദമായി ക്വാറൻറീനിൽ കഴിയുമ്പോൾ ആശ്വാസം തോന്നുന്നു”. ജിദ്ദയിൽ കോവിഡിനെ അതിജീവിച്ച കാളികാവ് അടക്കാകുണ്ടിലെ വാടയിൽ സക്കീർ കോവിഡ് രോഗഭീതി ഓർത്തെടുക്കുകയാണ്. രോഗം ഭേദമായി ജിദ്ദയിലെ താമസസ്ഥലത്ത് ക്വാറൻറീനിൽ കഴിയുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രിൽ 15ന് നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും പകർച്ചപ്പനിക്കുള്ള ചികിത്സയാണ് ലഭിച്ചത്.
ശാരീരിക അസ്വസ്ഥത വർധിച്ചതോടെ ജിദ്ദ നാഷനൽ ആശുപ്രതിയിലേക്ക് മാറ്റി. ജിദ്ദ പച്ചക്കറി മാർക്കറ്റിൽ നിന്നാണ് സക്കീറിന് രോഗം ബാധിച്ചത്. സൗദിയിൽ ദിനംപ്രതി രോഗികൾ കൂടിവരികയാണെന്നും രോഗലക്ഷണങ്ങൾ ചെറുതാണെങ്കിൽ പോലും ആശുപത്രിയിലെത്തണമെന്നും സക്കീർ പറയുന്നു. ജോലി നഷ്ടപ്പെടുത്താതെ പ്രതിസന്ധിയെ അതിജീവിച്ച് പ്രവാസ ലോകത്തുതന്നെ പിടിച്ചുനിൽക്കണമെന്നും നാട്ടിലെ പരിമിതികൾ തിരിച്ചറിയണമെന്നുമാണ് പ്രവാസികളോട് പറയാനുള്ളത്.
നാട്ടിലേക്ക് പോയാൽ പിന്നെ തിരിച്ച് അതേ ജോലിയിലേക്ക് കയറാൻ പ്രയാസമാവും. 26 വർഷം പ്രവാസം പൂർത്തിയാക്കിയെങ്കിലും സൗദിയിലെ ബിസിനസിൽ തുടരാൻ തന്നെയാണ് തീരുമാനമെന്ന് ക്വാറൻറീനിൽ കഴിയുന്ന സക്കീർ ‘മാധ്യമ’ത്തോട് പറഞ്ഞു. 14 ദിവസത്തെ ക്വാറൻറീനിൽ ആറ് ദിവസം കഴിഞ്ഞു. നിലമ്പൂർ കരുളായി സ്വദേശി സമിനയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.