തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലും കോവിഡ് വ്യാപനമുണ്ടെന്നും എന്നാൽ ഉത്തരേന്ത്യയിലേതു പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് വിതക്കുന്ന വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ നമ്മുടെ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിൽ ഭയചകിതരാകേണ്ട സ്ഥിതിവിശേഷം നിലവിൽ കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയുംജാഗ്രത പുലർത്തണം. ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് നൽകുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാഗ്രത പുലർത്തലാണ് ഏറ്റവും പ്രധാനം. അങ്ങനെ നമുക്ക് ഈ പ്രതിസന്ധിയെ മറി കടക്കാൻ കഴിയും. ആദ്യ തരംഗത്തെ പിടിച്ചു നിർത്താൻ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് ശക്തമായി തിരിച്ച് പോകണം. മാസ്ക് കൃത്യമായി ധരിക്കുകയും കൈകൾ ശുചിയാക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടാനോ അടുത്ത് ഇടപഴകാനോ പാടില്ല. പോലീസോ മറ്റ് സർക്കാർ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കിൽ എന്തും ആവാം എന്ന ധാരണയുള്ളവർ അത് നിർബന്ധമായും തിരുത്താൻ തയാറാവണം.
രോഗവ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ശനിയാഴ്ച ചർച്ച നടത്തിയതായും കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് പൂർണ സഹകരണം സ്വകാര്യ ആശുപത്രികൾ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ ആശുപത്രികളും കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം കിടക്കകളുടെ 25 ശതമാനമെങ്കിലും ഈ ഘട്ടത്തിൽ കോവിഡ് ചികിത്സക്ക് മാറ്റി വെക്കണം. ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവര കണക്ക് ജില്ല ആരോഗ്യവകുപ്പ് മേധാവിക്ക് കൈമാറണം. നിലവിൽ 40-50 ശതമാനം കിടക്കകൾ പല ആശുപത്രികളും മാറ്റി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.യുകളും വെന്‍റിലേറ്ററുകളും പൂർണമായും പ്രവർത്തന സജ്ജമായിരിക്കണം. വെന്‍റിലേറ്ററുകൾക്ക് അറ്റകുറ്റ പണികൾ ഉണ്ടെങ്കിൽ ഉടനെ തീർക്കണം. ഐ.സി.യു കിടക്കകൾ ഗുരുതരാവസ്ഥയിലുള്ളവർക്കായി മാറ്റി വെക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.