തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്കുള്ള മാർഗരേഖ പരിഷ്കരിച്ചു. കോവിഡ് ബാധ സംശയിക്കാത്ത ജലദോഷപ്പനിക്കാരിലും ഇനി ആൻറിജൻ ടെസ്റ്റ് നടത്തും. പനിലക്ഷണങ്ങൾ പ്രകടമായി അഞ്ച് ദിവസത്തിനകം പരിശോധന നടത്താനാണ് നിർദേശം. സാധാരണ ചുമ, തൊണ്ടേവദന, 38 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ഉള്ള പനി എന്നിവയാണ് ജലദോഷപ്പനിയായി കണക്കാക്കുന്നത്്.
കോവിഡ് ക്ലസ്റ്ററുകളിൽ നിന്നുള്ളവരിലെ ജലദോഷപ്പനിക്കാരെ സാധ്യമാകും വേഗത്തിൽ ആൻറിജന്‍ വിധേയമാക്കണമെന്നും പുതുക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. ക്ലസ്റ്ററുകളിൽ നിന്നുള്ള ജലദോഷപ്പനിക്കാർക്ക് മാത്രമാണ് നേരേത്ത പരിശോധന നടത്തിയിരുന്നത്. പുതിയ നിർദേശം രോഗവ്യാപനത്തെ ഫലപ്രദമായി തടയാൻ സഹായിക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ.
കണ്ടെയ്ൻമെൻറ് സോണുകളിൽനിന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും. ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, പോഷകാഹാരക്കുറവുള്ള കുട്ടികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരെ കണ്ടെയ്ൻമെൻറായി പ്രഖ്യാപിച്ച ഉടൻതന്നെ ആൻറിജൻ ടെസ്റ്റ് നടത്തണം.
വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിയെത്തിയവർക്ക് ആർ.ടി.പി.സി.ആറാണ് നിഷ്കർഷിക്കുന്നത്. ഗുരുതര ശ്വാസകോശരോഗങ്ങൾ ഉള്ളവർക്ക് ഉടൻ പി.സി.ആർ പരിശോധന നടത്തും. കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ലക്ഷണങ്ങളില്ലാത്തവരെ ആൻറിജന്‍ വിധേയമാക്കും. ലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകർ, പൊലീസ്, ആരോഗ്യ വളൻറിയർമാർ എന്നിവർക്ക് ആർ.ടി.പി.സി.ആറാണ് പുതുക്കിയ മാർഗരേഖ നിർദേശിക്കുന്നത്.
രോഗം ഭേദമായവരിൽ ജലദോഷപ്പനി പ്രകടമായാൽ ആർ.ടി.പി.സി.ആർ നടത്തും. ജയിൽഅന്തേവാസികൾ, പരോളിന് പോവുകയോ പരോൾ കഴിഞ്ഞെത്തുകയോ ചെയ്തവർ എന്നിവർക്ക് ആൻറിജൻ പരിശോധന നടത്തും. അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കേണ്ടവരിൽ ട്രൂനാറ്റ് പരിശോധനയോ എക്സ്പ്രസ് നാറ്റോ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.