സി.പി.എം-സി.പി.ഐ തര്‍ക്കം: സമയം വൈകിയെന്ന് മുന്നറിയിപ്പ്, പരിഹരിക്കുമെന്ന് സൂചന

തിരുവനന്തപുരം: മുന്നണിയുടെയും സര്‍ക്കാറിന്‍െറയും കെട്ടുറപ്പിനെ ബാധിക്കുന്ന സി.പി. എം- സി.പി.ഐ തര്‍ക്കം പരിഹരിക്കാനുള്ള സമയം വൈകിയെന്ന് എല്‍.ഡി.എഫില്‍ നേതാക്കളുടെ മുന്നറിയിപ്പ്.  നേതൃയോഗത്തില്‍ ജനതാദള്‍ (എസ്) ആണ് വിഷയം ഉന്നയിച്ചത്. എന്നാല്‍, ഉഭയകക്ഷി തര്‍ക്കം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുന്നതിലെ താല്‍പര്യമില്ലായ്മ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘യോഗത്തിന്‍െറ സമയം കഴിഞ്ഞല്ളോ’ എന്ന പ്രതികരണത്തിലൂടെ വ്യക്തമാക്കുകയായിരുന്നു. എങ്കിലും മഞ്ഞുരുക്കലിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന സൂചന ഘടകകക്ഷികള്‍ക്ക് യോഗശേഷം നല്‍കി.

വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ മന്ത്രിമാരോട് പ്രവര്‍ത്തനങ്ങളും പദ്ധതിയും സംബന്ധിച്ച കുറിപ്പ് നല്‍കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ യോഗത്തില്‍,  റേഷന്‍ പ്രതിസന്ധി, വരള്‍ച്ച, പട്ടയം പ്രശ്നങ്ങള്‍, ബജറ്റ് എന്നിവയായിരുന്നു അജണ്ട. വകുപ്പുകളെക്കുറിച്ച് സംസാരിക്കാന്‍  മന്ത്രിമാരായ പി. തിലോത്തമന്‍, ഇ. ചന്ദ്രശേഖരന്‍, ടി.എം. തോമസ് ഐസക്, എ.കെ. ശശീന്ദ്രന്‍ എന്നിവരെയും വിളിച്ചുവരുത്തിയിരുന്നു. വിഷയങ്ങളെല്ലാം പരിഗണിച്ചതോടെ യോഗം രണ്ടര മണിക്കൂറിലേറെ നീണ്ടു. അജണ്ടകള്‍ അവസാനിക്കാറായതോടെയാണ് ജനതാദള്‍ -എസിലെ കെ. കൃഷ്ണന്‍കുട്ടിയും സി.കെ. നാണുവും സി.പി.എം-സി.പി.ഐ തര്‍ക്കത്തിലേക്ക് ശ്രദ്ധക്ഷണിച്ചത്.

ഇരുപാര്‍ട്ടിയും തമ്മിലെ തര്‍ക്കം ഇങ്ങനെ പോകരുതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ എന്തുനല്ല കാര്യം ചെയ്താലും ജനം ചര്‍ച്ച ചെയ്യുന്നത് ഈ തര്‍ക്കമാണ്. പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് സി.കെ. നാണുവും പറഞ്ഞു. അപ്പോഴാണ് ‘ഇപ്പോള്‍തന്നെ സമയം ഒന്നര കഴിഞ്ഞില്ളേയെന്ന’ പ്രതികരണം മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. മറ്റു കക്ഷി നേതാക്കള്‍ മൗനം പുലര്‍ത്തിയതോടെ യോഗം അവസാനിച്ചു. എന്നാല്‍, ഇരുപാര്‍ട്ടി നേതൃത്വങ്ങള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നേതാക്കളെ അനൗദ്യോഗികമായി അറിയിച്ചു.

മന്ത്രി എ.കെ. ശശീന്ദ്രന്‍െറ ഒൗദ്യോഗിക വസതിയിലേക്കുള്ള എ.ഐ.ടി.യു.സി മാര്‍ച്ചില്‍ എന്‍.സി.പി പ്രതിഷേധിച്ചു. മന്ത്രിമാരുടെ വീടുകളിലേക്ക് ഭരണകക്ഷിക്കാര്‍തന്നെ മാര്‍ച്ച് നടത്തുന്നത് ശരിയല്ളെന്ന്  ഉഴവൂര്‍ വിജയന്‍ പറഞ്ഞു. മേലില്‍ ഇത്തരം പ്രതിഷേധമുണ്ടാവാന്‍ പാടില്ളെന്ന ധാരണയിലും എത്തി.സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാറെന്ന് തോമസ് ഐസക് വിശദീകരിച്ചു. വിചാരിച്ച വരുമാനം ഈ വര്‍ഷം ഉണ്ടാവില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - cpi cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.