തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് പാർലമെന്റംഗമില്ലാത്ത ‘സംപൂജ്യ’ അവസ്ഥയിൽനിന്ന് ഇക്കുറി മികച്ച മുന്നേറ്റം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ സ്ഥാനാർഥി നിർണയത്തിലേക്കെത്തിയത്. തിരുവനന്തപുരം മണ്ഡലത്തിലേക്ക് മന്ത്രി ജി.ആർ. അനിലിന്റെ പേരടക്കം ഉയർന്നുകേട്ടെങ്കിലും പന്ന്യൻ രവീന്ദ്രനാകും അനുയോജ്യനെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം.
പി.കെ. വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ലെ ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന് ജയിച്ചശേഷം സി.പി.ഐക്ക് കിട്ടാക്കനിയാണ് തിരുവനന്തപുരം. ശശിതരൂർ എത്തിയതോടെ കോൺഗ്രസ് തുടർച്ചയായി കൈവശംവെക്കുന്ന സീറ്റിൽ ഇത്തവണ വിജയം അനിവര്യമാണെന്നുകണ്ടാണ് പന്ന്യനിലേക്ക് എല്ലാ ചർച്ചയുമെത്തിയത്.
താൻ മത്സരിക്കാനില്ലെന്നും സംഘടന പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആവർത്തിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം സംസാരിച്ച് സാഹചര്യം ബോധ്യപ്പെടുത്തി. കഴിഞ്ഞ തവണ സി. ദിവാകരനായിരുന്നു സ്ഥാനാർഥി.
ഇത്തവണ മണ്ഡലത്തിൽ സ്വാധീനമുള്ള മറ്റൊരു നേതാവില്ലെന്നതടക്കം വിശദീകരിച്ചതോടെ, പന്ന്യൻ സമ്മതം മൂളുകയായിരുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ അവരുടെ സ്ഥാനാർഥി തീരുമാനമായിട്ടില്ലെങ്കിലും പന്ന്യന്റെ സ്ഥാനാർഥിത്വം വിജയപ്രതീക്ഷവെച്ച് നീങ്ങുന്നതിന് സി.പി.ഐക്ക് സഹായകമാകും.
വയനാട്ടിൽ മികച്ച സ്ഥാനാർഥി വേണമെന്ന ചർച്ചകളിലാണ് ആനി രാജയുടെ പേര് പരിഗണിച്ചത്. അവർ സമ്മതം അറിയിച്ചതോടെ, തുടർചർച്ചകളിലേക്ക് നേതൃത്വം നീങ്ങി. പാർട്ടിയുടെയും മഹിള സംഘടനയുടെയും ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും കേരളത്തിലും സജീവമാണെന്നത് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി.
സുരേഷ് ഗോപിയിലൂടെ തൃശൂരിൽ കടുത്ത മത്സരം കാഴ്ചവെക്കാമെന്ന് കരുതുന്ന ബി.ജെ.പിയെ പ്രതിരോധിക്കാൻ വി.എസ്. സുനിൽ കുമാറിന് കഴിയുമെന്നും പാർട്ടി വിലയിരുത്തുന്നു.
മണ്ഡല പുനർനിർണയത്തെത്തുടർന്ന് മാവേലിക്കര രൂപപ്പെടുന്നതിന് മുമ്പുണ്ടായിരുന്ന അടൂർ ലോക്സഭ മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തി ചെങ്ങറ സുരേന്ദ്രൻ ജയിച്ച ചരിത്രമുണ്ട്. ശേഷം തുടർച്ചയായി കൊടിക്കുന്നിൽ സുരേഷ് ജയിക്കുന്ന മണ്ഡലത്തിൽ യുവനേതാവ് സി.എ. അരുൺകുമാറിലൂടെ നേട്ടം കൊയ്യാമെന്നാണ് സി.പി.ഐ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.