പാലക്കാട്: അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് സി.പി.ഐ സംസ്ഥാന പ്രതിനിധി സംഘം. സ്ഥലം സന്ദർശിച്ചതിൽനിന്ന ും പ്രദേശവാസികളുമായി ആശയവിനിമയം നടത്തിയതിൽനിന്നും ബോധ്യപ്പെടുന്നത് ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സംഘം മാധ്യമങ്ങളോട് പറഞ്ഞു.
അട്ടപ്പാടിയിൽ നടന്നത് ഭരണകൂട ഭീകരതയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ് പ്രതികരിച്ചു. പൊലീസ് പദ്ധതിയിട്ട് തയാറാക്കിയ തിരക്കഥ അനുസരിച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് വ്യക്തമാണ്. കാൽ പൂർണമായി തകർന്നയാളടക്കം കൊല്ലപ്പെടുന്നതും മാവോവാദികൾ തോളിൽ വെടിയേറ്റ് മരിച്ചതുമടക്കം വിഷയങ്ങൾ സംശയം ജനിപ്പിക്കുന്നതാണ്. മാവോവാദികൾ പ്രദേശവാസികളെ ഉപദ്രവിക്കുകയോ ഭക്ഷണം പിടിച്ചുപറിക്കുകയോ ചെയ്തിട്ടില്ലെന്ന് സമീപ ഉൗരിലെ ആദിവാസികൾ സംഘത്തോട് പറഞ്ഞതായും പ്രസാദ് പറഞ്ഞു.
പ്രദേശത്ത് തങ്ങിയിരുന്ന മാവോവാദികൾ ആർക്കാണ് ഭീഷണി സൃഷ്ടിച്ചിരുന്നതെന്ന് മനസ്സിലാവുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് വിധികർത്താക്കളായി മാറുന്ന രീതി പ്രാകൃതമാണ്. സംഭവിച്ചതെന്താണെന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തവും കടമയും ഇടതുപക്ഷ സർക്കാറിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഭാഷ്യം ആവർത്തിക്കുകയല്ല സർക്കാർ ചെയ്യേണ്ടതെന്ന് പറഞ്ഞ പ്രതിനിധി സംഘം മജിസ്റ്റീരിയൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും വിഷയത്തിൽ തൃപ്തികരമല്ലെന്ന് വ്യക്തമാക്കി.
സംഭവത്തെ രൂക്ഷമായി അപലപിച്ച് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ബുധനാഴ്ച തന്നെ രംഗത്തെത്തിയിരുന്നു. അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ കാനം പൊലീസിന് അമിതാധികാരം നൽകുന്നതിന് സി.പി.െഎ എതിരാണെന്നും വ്യക്തമാക്കിയിരുന്നു. സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, എം.എൽ.എമാരായ ഇ.കെ. വിജയൻ, മുഹമ്മദ് മുഹ്സിൻ, പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് രാജ് എന്നിവരുൾപ്പെട്ട സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വ്യാജഏറ്റുമുട്ടലെങ്കിൽ നഷ്ടപരിഹാരം ഉറപ്പാക്കും –ദേശീയ മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: അട്ടപ്പാടിയിൽ വ്യാജഏറ്റുമുട്ടലാണ് നടന്നതെങ്കിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും വെടിെവച്ചവർക്കെതിരെ നടപടിയും ഉറപ്പാക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് എച്ച്.എൽ. ദത്തു. സംഭവത്തിൽ സംസ്ഥാന സർക്കാറിെൻറ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം സംഭവങ്ങളിൽ 48 മണിക്കൂറിനുള്ളിൽ കമീഷനെ വിവരം അറിയിക്കണമെന്നാണ് വ്യവസ്ഥ. കമീഷൻ അധികൃതർ തിരുവനന്തപുരത്ത് ക്യാമ്പ് സിറ്റിങ്ങിലാണ്. റിേപ്പാർട്ട് ഡൽഹിയിലെ ഒാഫിസിൽ ലഭിച്ചിട്ടുണ്ടോെയന്ന് അറിയില്ല.
വാളയാറിൽ ദലിത് പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ പരാതി ലഭിച്ചാൽ പരിശോധിക്കും. കേസിെൻറ വിശദാംശങ്ങൾ സംസ്ഥാന സർക്കാറിനോട് ആരാഞ്ഞിട്ടുണ്ട്. തുടരന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി കമീഷനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.