കുമ്പള (കാസർകോട്): സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രക്ക് കുമ്പളയിൽ ഉജ്ജ്വല തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി പതാക ജാഥലീഡർ എം.വി. ഗോവിന്ദന് കൈമാറി 27 ദിവസം നീളുന്ന യാത്ര ഉദ്ഘാടനം ചെയ്തു.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെയും കേന്ദ്ര സർക്കാറിന്റെ വർഗീയ നയങ്ങൾക്ക് എതിരെയും കേരളത്തിന്റെ ബദൽ സാമ്പത്തിക നയങ്ങളും വികസനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് യാത്ര. മുഖ്യമന്ത്രിയുടെ ഒരു മണിക്കൂർ നീണ്ട പ്രസംഗം കേന്ദ്ര സർക്കാറിനും കേരളത്തിലെ പ്രതിപക്ഷത്തിനും കേരള ബജറ്റിനെതിരെയുള്ള വിമർശത്തിനും അക്കമിട്ട് മറുപടി നൽകി.
കേന്ദ്രത്തിൽ ബി.ജെ.പിയെ പിന്തുണക്കേണ്ട എന്തു ബാധ്യതയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര അവഗണനക്കെതിരെ അരയക്ഷരം സംസാരിക്കാൻ പ്രതിപക്ഷം തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാഥ ലീഡറെയും അംഗങ്ങളെയും തുളുനാടൻ ആദര രീതിയുടെ തൊപ്പിയണിച്ചാണ് സ്വീകരിച്ചത്. മാർച്ച് 18ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. പി.കെ. ബിജുവാണ് ജാഥ മാനേജർ. കെ.ടി. ജലീൽ, എം. സ്വരാജ്, സി.എസ്. സുജാത, ജയ്ക് സി. തോമസ് എന്നിവരാണ് ജാഥ അംഗങ്ങൾ.
ജാഥലീഡർ എം.വി. ഗോവിന്ദൻ സംസാരിച്ചു. മുൻ എം.പി പി. കരുണാകരൻ, കെ.പി. സതീഷ് ചന്ദ്രൻ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, കെ. കുഞ്ഞിരാമൻ, കെ.വി. കുഞ്ഞിരാമൻ, പി. ജനാർദനൻ എന്നിവർ പങ്കെടുത്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.ആർ. ജയാനന്ദ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ വി.വി. രമേശൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.