രമേശ്​ ചെന്നിത്തല സമരാഭാസം പിന്‍വലിച്ച്‌ ജനങ്ങളോട്‌ മാപ്പുപറയണം -സി.പി.എം

തിരുവന്തപുരം: മന്ത്രി കെ.ടി ജലീലിന്‌ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സമരാഭാസം പിന്‍വലിച്ച്‌ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ദിവസവും പത്രസമ്മേളനം നടത്തുന്ന വ്യക്തിയാണ്‌ ചെന്നിത്തല. ഖുർആൻെറ മറവില്‍ ജലീല്‍ സ്വര്‍ണ്ണം കടത്തിയെന്നത്‌ പരിശോധിക്കണമെന്ന്‌ പറഞ്ഞ ആളാണ്‌ പി.കെ.കുഞ്ഞാലിക്കുട്ടി. ഇക്കൂട്ടരുടെ ആഹ്വാനപ്രകാരമാണ്‌ നാട്ടില്‍ അരാജകത്വം അരങ്ങേറുന്നത്‌. മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ നോക്കിയതും, അക്രമപരമ്പര അഴിച്ചു വിട്ടതും അതിൻെറ ഭാഗമായാണ്‌. എന്നാല്‍ ചെന്നിത്തല ഇപ്പോള്‍ നടത്തിയ തുറന്ന്‌ പറച്ചിലിലൂടെ ജനങ്ങള്‍ക്ക്‌ യാഥാർഥ്യം കുറേക്കൂടി വ്യക്തമായി.

സി.പി.എമ്മിനെതിരെ എല്ലാദിവസവും പത്രസമ്മേളനം നടത്തുന്ന ചെന്നിത്തല അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ച വി.മുരളീധരൻെറ പേരുപോലും പരമാര്‍ശിക്കാത്തതും ശ്രദ്ധേയമാണ്​. യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌തതാണ്‌ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ശരിയായ അന്വേഷണം നടത്താതിരിക്കുന്നതിനാണ്‌ യു.ഡി.എഫും ബി.ജെ.പിയും പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്‌. ഒരു ദിവസത്തെ ആയുസ്​​പോലുമില്ലാത്ത നുണകള്‍ ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ച പല ആരോപണങ്ങളും തെറ്റായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞിട്ടുള്ളതാണ്‌. ചിലത്‌ കൈയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കേരളം കണ്ടതാണ്‌.

പ്രതിപക്ഷ നേതാവിൻെറ പദവിക്ക്​ ചേരാത്ത അപവാദം പ്രചരിപ്പിച്ച്‌ കലാപത്തിന്‌ അണികളെ ഇളക്കിവിടുന്ന തരംതാണ രീതി അവസാനിപ്പിക്കാന്‍ ചെന്നിത്തല തയ്യാറാകണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.