വടകര: കുറ്റ്യാടി നിയോജകമണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനൊടുവില്‍ നാടകീയത. പരസ്യപ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയ സാഹചര്യത്തില്‍ ഞായറാഴ്ച വൈകീട്ട് കുറ്റ്യാടിയില്‍ സി.പി.എം നേതൃത്വത്തില്‍ വിശദീകരണയോഗം നടത്താനിരിക്കെയാണ് ഉച്ചയോടെ, കുറ്റ്യാടിയിലെ സീ റ്റ് വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് (എം) പ്രഖ്യാപിച്ചത്. എന്നാല്‍, സി.പി.എം സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനംതന്നെ അവതാളത്തിലാകുമെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഈ നീക്കമെന്ന് പറയുന്നു. ഇക്കാര്യത്തില്‍ ജോസ് കെ. മാണിയുമായി സി.പി.എം സംസ്ഥാനനേതൃത്വം നിരവധി തവണ ചര്‍ച്ച നടത്തി. ഒടുവിലാണ്, പാര്‍ട്ടി തിരികെ ചോദിക്കുന്നതിനുപകരം കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കുകയെന്ന തീരുമാനത്തിലേക്കെത്തിയത്.
ഇതിലൂടെ, പ്രതിഷേധത്തിന് മുന്നില്‍ പാര്‍ട്ടി നേതൃത്വം മുട്ടുമടക്കിയെന്ന പഴിയില്‍ തടിയൂരാന്‍ കഴിയുമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍.
നേരത്തെ, സി.പി.എം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു. കഴിഞ്ഞ തവണയും മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ട പേരാണ് കുഞ്ഞമ്മദ് കുട്ടിയുടേത്. സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നുവെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ 'കുഞ്ഞമ്മദ് കുട്ടി, ഞങ്ങളുടെ സ്ഥാനാര്‍ഥി, ചുവന്ന കുറ്റ്യാടിയുടെ ചുവന്ന കരുത്ത്' എന്നിങ്ങനെയുള്ള പോസ്റ്ററുകളും മണ്ഡലത്തില്‍ പ്രചരിച്ചിരുന്നു. എന്നാലിതെല്ലാം കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർഥിത്വത്തിന് തടസ്സമായിരിക്കുകയാണിപ്പോള്.
പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിച്ചാല്‍ പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തെ ഇല്ലാതാക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.ടി. കുഞ്ഞിക്കണ്ണന്, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇതില്‍, റഹീമിനാണ് കൂടുതല്‍ സാധ്യത. അതിനിടെ, ഇന്നലെ രാത്രിയോടെ കുഞ്ഞമ്മദ് കുട്ടിയുടെ പേരും പരിഗണിക്കുന്നതായാണ് വിവരം.Assembly Election 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.