തിരുവനന്തപുരം/കോട്ടയം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസിനെ വിമർശിച്ച് ഭരണകക്ഷി, മുന്നണി നേതാക്കൾ തന്നെ രംഗത്ത്. തിരുവനന്തപുരത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വം തുറന്നടിച്ചപ്പോൾ പൊലീസിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടത്.
ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകണമെന്ന് കോടിയേരി പറഞ്ഞു. ബി.ജെ.പിക്കാർ അക്രമിച്ച സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസും എസ്.ഡി.പി.ഐയും വർഗീയശക്തികളാണ്. ഇത്തരം ശക്തികളെ മുളയിലേ നുള്ളണം. ഇവർക്കെതിരെ ഒരു മയവും പാടില്ല. അവർ നടത്തുന്ന ഏതൊരു ആക്രമണത്തെയും ഗൗരവത്തിൽ കണ്ട് പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം. അത് സർക്കാർ സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ അക്രമ സംഭവങ്ങൾ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയാണെന്നും കോടിയേരി ആരോപിച്ചു.
പാര്‍ട്ടി ഓഫിസിന് കല്ലെറിഞ്ഞപ്പോള്‍ പൊലീസ് പ്രതികരിച്ചില്ലെന്ന് വൈക്കം വിശ്വൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മേയറെ ആക്രമിച്ചവരെ പിടികൂടാനും പൊലീസിന് കഴിഞ്ഞില്ല. ഇതിലെല്ലാം ജാഗ്രതക്കുറവ് വ്യക്തമാണ്. പൊലീസിെൻറ വീഴ്ച പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈക്കം വിശ്വൻ പറഞ്ഞു. ഇടതുമുന്നണിയില്‍ ഏതെങ്കിലും തരത്തിലുള്ള മേധാവിത്വം അടിച്ചേല്പിക്കാനാകില്ലെന്ന് വൈക്കം വിശ്വൻ പറഞ്ഞു. മുന്നണിയില്‍ വലുപ്പച്ചെറുപ്പമില്ല. മന്ത്രിമാരില്ലാത്ത ഘടകകക്ഷികളും എല്‍.ഡി.എഫിലുണ്ട്. സി.പി.എം--സി.പി.ഐ തര്‍ക്കം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഭരണകക്ഷി നേതാക്കളുടെ ആരോപണത്തോട് പ്രതികരിക്കാൻ ഡി.ജി.പി ലോക്നാഥ് െബഹ്റ തയാറായില്ല. തിരുവനന്തപുരത്ത് സ്ഥിതിഗതികൾ പൊലീസ് നിയന്ത്രണത്തിലാണെന്നും ഞായറാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ ഏഴ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ഇനിയും ചിലർ കൂടി പിടിയിലാകാനുണ്ട്. അവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ഡി.ജി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.