മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് എത്തിച്ചപ്പോൾ അഭിവാദ്യമർപ്പിക്കുന്ന സി.പി.എം പ്രവർത്തകർ
കണ്ണൂർ: മുഴുപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി സെഷൻസ് കോടതി ശിക്ഷിച്ച പ്രതികൾക്ക് അഭിവാദ്യമർപ്പിച്ച് സി.പി.എം പ്രവർത്തകർ. ശിക്ഷാവിധി പ്രഖ്യാപിക്കുന്ന തിങ്കളാഴ്ച രാവിലെ 11ഓടെതന്നെ കോടതി പരിസരത്ത് നൂറുകണക്കിന് പ്രവർത്തകരെത്തി.
പ്രതികളെ കോടതിയിൽ എത്തിക്കുമ്പോഴും ശിക്ഷ പ്രഖ്യാപിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമ്പോഴും മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു. മുഴപ്പിലങ്ങാട്ടെയും തലശ്ശേരിയിലെയും പ്രവർത്തകർക്കു പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ കോടതി പരിസരത്തെത്തി. സി.പി.എം തലശ്ശേരി, പിണറായി ഏരിയ സെക്രട്ടറിമാർ ഉൾപ്പടെയുള്ള പ്രാദേശിക നേതാക്കളും എത്തിയിരുന്നു.
സുരക്ഷ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് കോടതി പരിസരത്തുണ്ടായിരുന്നത്. ഉച്ചക്കുശേഷം മൂന്നോടെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴും അഭിവാദ്യമർപ്പിച്ച് സി.പി.എം പ്രവർത്തകരെത്തി.
വെള്ളിയാഴ്ചയാണ് സൂരജ് വധക്കേസിൽ ഒമ്പത് പ്രതികളെ കോടതി കുറ്റക്കാരെന്ന് പ്രഖ്യാപിച്ചിരുന്നത്. കേസിലെ പത്താം പ്രതി എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശനെ (56) കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഒന്നാം പ്രതി മുഴപ്പിലങ്ങാട് ലക്ഷം വീട് കോളനിയിലെ പള്ളിക്കൽ വീട്ടിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12ാം പ്രതി മുണ്ടേരി മക്രേരി കിലാലൂർ തെക്കുമ്പാടൻ പൊയിൽ രവീന്ദ്രൻ എന്നിവർ വിചാരണക്ക് മുമ്പ് മരിച്ചിരുന്നു.
കണ്ണൂർ: ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ സെഷൻസ് കോടതി ശിക്ഷിച്ച പ്രതികളെ കുറ്റവാളികളായി കാണുന്നില്ലെന്നും വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കോടതിക്കു മുമ്പാകെ വന്ന തെളിവുകളും വസ്തുതകളും നോക്കിയിട്ടായിരിക്കും ശിക്ഷ വിധിച്ചത്. എന്നാൽ, സമൂഹത്തിനു മുന്നിൽ അവർ നിരപരാധികളാണ്. ഹൈകോടതിയിൽ അപ്പീൽ നൽകി പ്രതികളുടെ നിരപരാധിത്വം തെളിയിക്കും.
പാർട്ടിയുടെ അന്നത്തെ എടക്കാട് ഏരിയ സെക്രട്ടറിവരെ പ്രതിയാക്കപ്പെട്ട കേസാണിത്. സർവരും അംഗീകരിക്കുന്ന ലോക്കൽ സെക്രട്ടറിയെയാണ് ഇപ്പോൾ ശിക്ഷിച്ചത്. നിയമത്തിന്റെ എല്ലാ വഴികളും പരിശോധിച്ച് നിരപരാധികളെ രക്ഷിക്കുമെന്നും പ്രതികൾ നിരപരാധികളാണെന്ന കാര്യത്തിൽ പാർട്ടിക്ക് ഒരു സംശയവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.