കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. ഈ മാസം 22ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്.
2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രൂട്ട് കുന്നിൻമുകളിലായിരുന്നു ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം നടന്നത്. മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയാണ് ചെയ്തിരുന്നത്. പാർട്ടിക്ക് സംഭവവുമായി ബന്ധമില്ലെന്നും ബോംബ് നിർമിച്ചവർ പാർട്ടി പ്രവർത്തകരല്ലെന്നുമായിരുന്നു കോടിയേരിയുടെ വിശദീകരണം. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹം ഏറ്റുവാങ്ങിയത് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു.
2016 മുതൽ ഇരുവരുടെയും രക്തസാക്ഷിദിനാചരണം സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.