കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മാർച്ച് ഒന്നിന് രാവിലെ ഒമ്പതിന് കൊടിയേറും. എറണാകുളം മറൈൻഡ്രൈവിൽ പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, വൃന്ദ കാരാട്ട്, എം.എ. ബേബി, ജി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകീട്ട് 5.30 മുതൽ വിപ്ലഗാന അവതരണം. എഴിന് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകം.
രണ്ടിന് വൈകീട്ട് അഞ്ചിന് 'ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത: ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി' വിഷയത്തിൽ സെമിനാർ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് ഫ്യൂഷൻ സംഗീതവും 7.30ന് 'ഇതിഹാസം' നാടകവും അരങ്ങേറും.
മാർച്ച് മൂന്നിന് സാംസ്കാരിക സംഗമം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എം. സ്വരാജ് അധ്യക്ഷ വഹിക്കും. വൈകീട്ട് 6.30ന് വയലിൻ കച്ചേരിയും 7.30ന് നവോത്ഥാന നൃത്തശിൽപവും 8.30ന് കഥാപ്രസംഗവും ഉണ്ടാകും.
മാർച്ച് നാലിന് വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ നിരീക്ഷകർ ഉൾപ്പെടെ നാനൂറ്റമ്പതോളം പേർ പങ്കെടുക്കും. സമ്മേളന നടത്തിപ്പിന് ബക്കറ്റ് പിരിവിലൂടെയാണ് ഫണ്ട് സമാഹരിച്ചതെന്നും സി.എൻ. മോഹനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.