കെ. സുരേന്ദ്രൻ

പോപുലർ ഫ്രണ്ടുകാരെ ഒപ്പം നിർത്താൻ സി.പി.എമ്മും കോൺഗ്രസും ലീഗും മത്സരിക്കുന്നു -കെ. സുരേന്ദ്രൻ

കോഴിക്കോട്: പോപുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ സി.പി.എമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

പോപുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് അതിനെതിരെ സി.പി.എം ആദ്യം രംഗത്തുവന്നത് പോപുലർ ഫ്രണ്ടുകാരെ തങ്ങളുടെ പാളയത്ത് എത്തിക്കാനായിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോൾ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പിക്കാനാണ്. ആർ.എസ്.എസ്സിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപുലർ ഫ്രണ്ട് കേഡർമാരെ ലക്ഷ്യം വെച്ചാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

മതഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാർട്ടികൾ കേരളത്തെ അപകടത്തിലാക്കുകയാണ്. നാലുവോട്ടിനുവേണ്ടി ഭീകരപ്രവർത്തകരെ കൂടെ നിർത്തുന്ന മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്ന ഇത്തരക്കാർക്കെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണം. പോപുലർ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സർക്കാർ തുടരുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

സി.പി.എമ്മും പിണറായി വിജയനും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐ.എൻ.എല്ലിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം. സി.പി.എം മതഭീകരവാദികളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതിനെതിരെ ആ പാർട്ടിയിലെ മതനിരപേക്ഷ മനസുള്ളവർ പ്രതിഷേധിക്കണം.

ഭൂരിപക്ഷ വിഭാഗത്തിൽപെട്ട സി.പി.എം പ്രവർത്തകരും അനുഭാവികളും മതഭീകരതയോട് സഖ്യം ചേരുന്ന സി.പി.എമ്മിന്റെ നീക്കത്തിനെതിരെ ശബ്ദമുയർത്തണം. കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കി മാറ്റിയത് സി.പി.എമ്മും കോൺഗ്രസും ചേർന്നാണെന്ന് ഇരുപാർട്ടികളുടേയും അണികൾ തിരിച്ചറിയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - CPM, Congress and League compete to keep Popular Front together -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.