മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു

‘സി.പി.എമ്മിന് ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യമില്ല’; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

കണ്ണൂർ: എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ആർ.എസ്.എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എമ്മിന് ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിനാണ് ആർ.എസ്.എസ് ബന്ധമുള്ളത്. കോൺഗ്രസിന് കട്ടപിടിച്ച ആർ.എസ്.എസ് മനസ്സാണ്. സി.പി.എം എന്നും ആർ.എസ്.എസിനെ എതിർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍.എസ്.എസ്-സി.പി.എം ബന്ധത്തെക്കുറിച്ച് ഏതാനും ദിവസങ്ങളായി നിലനിൽക്കുന്ന ആക്ഷേപങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയോടെ ബി.ജെ.പിയുമായുള്ള സി.പി.എം ബന്ധം മറനീക്കി പുറത്തുവന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തിൽ ആർ.എസ്.എസുകാർ ഏറ്റവും കൂടുതൽ കൊലപ്പെടുത്തിയത് സി.പി.എമ്മുകാരെയാണ്. ശാഖക്ക് കാവൽനിന്നെന്ന് പറഞ്ഞത് കെ.പി.സി.സി പ്രസിഡന്‍റാണ്. രാമപ്രതിഷ്ഠ പൂജക്കിടെ ശ്രീരാമനെ വാഴ്ത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മറക്കരുത്. അയോധ്യയിലെ ഭൂമി പൂജ ദേശീയ ഐക്യത്തിനാണ് എന്ന് പറഞ്ഞത് പ്രിയങ്ക ഗാന്ധിയാണ്. ഭൂമി പൂജയുടെ അന്ന് മധ്യപ്രദേശിൽ ഹനുമാൻ പൂജ സംഘടിപ്പിച്ചു. അന്ന് കോൺഗ്രസ് നേതാവ് കമൽ നാഥാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

നിലവിൽ മൂന്നു സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് ഭരണമുള്ളത്. അടുത്തിടെ രാജസ്ഥാനിൽനിന്ന് ബി.ജെ.പി അംഗം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. വേണുഗോപാൽ രാജിവെച്ചതോടെ ഒഴിവു വന്ന സീറ്റിലാണ് ബി.ജെ.പി അംഗം തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷമായ കോൺഗ്രസ് ഒരു സ്ഥാനാർഥിയെ പോലും നിർത്തിയില്ല. രാജ്യസഭയിൽ ബി.ജെ.പി ഒരു അംഗത്തെ നൽകാനാണ് ഈ രാജിയെന്ന് തങ്ങൾ അന്നേ പറഞ്ഞതാണ്. രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണം. അതിനുള്ള പ്രവർത്തനമാണ് സി.പി.എമ്മും എൽ.ഡി.എഫ് സർക്കാറും നടത്തുന്നത്.

ഒരു വർഗീയ ശക്തികളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സി.പി.എമ്മിന്. അക്കാര്യം എല്ലാവർക്കും അറിയാം. സി.പി.എമ്മിന് ആർ.എസ്.എസ് ബന്ധമെന്ന ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളിലും എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറായില്ല.

Tags:    
News Summary - 'CPM does not need to appease RSS' -Chief Minister Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.