പാലക്കാട്: കെ.ടി.ഡി.സി ചെയര്‍മാനും മുന്‍ എം.എൽ.എയും സി.ഐ.ടി.യു പാലക്കാട് ജില്ല പ്രസിഡന്റുമായ പി.കെ. ശശിയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് മേഖല റിപ്പോര്‍ട്ടിങ്ങിൽ ശശിക്കെതിരെയുള്ള നടപടി വിശദീകരിക്കവെയാണ് വിമർശനം.
ജില്ല കമ്മിറ്റി കൈക്കൊണ്ട നടപടികൾ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്ന് പറഞ്ഞായിരുന്നു വിമർശനത്തിന്റെ തുടക്കം. ‘പാർട്ടിക്കുവേണ്ടി ഏറെ പ്രവർത്തിച്ചയാളാണ് ശശി. തെറ്റുകൾ തിരുത്തുന്നതിനു പകരം ആവർത്തിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ നടപടി വേണ്ടിവന്നത്. തെറ്റുകൾ തിരുത്താൻ വേണ്ടിത്തന്നെയാണ് നടപടികൾ. ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പാർട്ടി അന്വേഷണം നടത്തി വ്യക്തത വരുത്തി. ജില്ലയിലെ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കാനും പ്രചരിപ്പിക്കാനും ശശി ശ്രമിച്ചു. പാര്‍ട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പലവട്ടം തിരുത്താന്‍ അവസരം നല്‍കി. എന്നാല്‍ അദ്ദേഹം തിരുത്താന്‍ തയാറായില്ല. പാര്‍ട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ.’-എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ജില്ല സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശശി ശ്രമിച്ചെന്നും ഇതിന് ഒരു മാധ്യമപ്രവര്‍ത്തകനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും വ്യാജരേഖകള്‍ നിര്‍മിച്ചുവെന്നുമടക്കം ഗുരുതര ആരോപണങ്ങൾ പാർട്ടി നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളിൽ പാർട്ടിതല അന്വേഷണം നടന്നിരുന്നു. ഇക്കാര്യങ്ങൾ പാർട്ടി സെക്രട്ടറി റിപ്പോർട്ടിങ്ങിൽ സൂചിപ്പിച്ചതായാണ് അറിയുന്നത്.
അതേസമയം, പി.കെ. ശശി വ്യാജ പരാതിയുണ്ടാക്കി തന്നെ കുടുക്കാൻ ശ്രമിച്ചെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിക്കുള്ളിൽ നടക്കുന്നതും പി.കെ. ശശിക്കെതിരായ നടപടിയുടെ കാരണങ്ങളും പുറത്തുപറയേണ്ട ആവശ്യമില്ല. ബ്രാഞ്ച് അംഗത്തിന് കെ.ടി.ഡി.സി ചെയർമാൻ പദവിയിലിരിക്കാൻ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. പി.കെ. ശശി നിലവിൽ പാർട്ടി അംഗമാണെന്നും അദ്ദേഹത്തിനെതിരെ കൂടുതൽ നടപടിയുണ്ടെങ്കിൽ ആവശ്യമായ സമയത്ത് പുറത്തറിയിക്കുമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.