കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസന്വേഷണം ഒന്നിൽ നിന്ന് തുടങ്ങാൻ ക്രൈംബ്രാഞ്ച്. കേസ് ഏറ്റെടുത്തതിനുപിന്നാലെ, അന്വേഷണ സംഘം ഐ.ജി പി. പ്രകാശിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് അന്വേഷണ ഷെഡ്യൂൾ തയാറാക്കി. മാമിയുടെ സാമ്പത്തിക പശ്ചാത്തലം, ബിസിനസ്, ഉന്നത ബന്ധങ്ങൾ എന്നിവയെല്ലാം മുൻനിർത്തി ആവശ്യമായവരുടെയെല്ലാം മൊഴി രേഖപ്പെടുത്താനാണ് സംഘത്തിന്റെ തീരുമാനം. ഇതിന് സമാന്തരമായി തെളിവുശേഖരണവും നടക്കും. മാമിയെ കാണാതായ നാളിലെയും തൊട്ടടുത്ത ദിവസങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാവുന്നത്ര ശേഖരിക്കും. അവസാനമായി മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ലഭിച്ച തലക്കുളത്തൂർ ഭാഗത്തുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കും. മാമി ഇവിടെയുള്ള ഒരു വീട്ടിൽ വന്നു എന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനൊപ്പം ഈ മേഖലയിലെ അന്നത്തെ കാൾ ഡീറ്റെയിൽ റെക്കോഡുകൾ പൂർണമായും ശേഖരിച്ച് വിശകലനം ചെയ്യും.
മുൻ അന്വേഷണസംഘത്തിൽ നിന്നുള്ള വിരങ്ങളും ശേഖരിക്കും. പിന്നാലെ, സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ലഭ്യമാകുന്ന വിവരങ്ങൾ പരിശോധിച്ച് പ്രതി ചേർക്കലടക്കമുള്ള മറ്റു നടപടികളും സ്വീകരിക്കും. മാമിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് കാണാതാവുന്നതിന് ഒരു വർഷം മുമ്പുവരെ ആരെല്ലാമായി സാമ്പത്തിക ഇടപാടുകൾ നടത്തി എന്ന് കണ്ടെത്തും.
മലപ്പുറം എസ്.പി ടി. ശശിധരന്റെ മേൽനോട്ടത്തിലുള്ള സംഘത്തിൽനിന്ന് കേസ് ഡയറി ഉൾപ്പെടെ ശേഖരിച്ചതിനുപിന്നാലെയാണ് ൈക്രംബ്രാഞ്ച് സംഘം ചൊവ്വാഴ്ച യോഗം ചേർന്നത്. കേസിൽ മാമിയുടെ മകൾ അദീബ നൈനയിൽ നിന്ന് ഡിവൈ.എസ്.പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക വിവരങ്ങൾ എടുത്തിരുന്നു. പിന്നീട്, അദീബ ഐ.ജി പി. പ്രകാശനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പഴയ അന്വേഷണ സംഘത്തിൽ നിന്നടക്കം ഇതുവരെയുള്ള വിവരങ്ങൾ ശേഖരിക്കുമെന്നും എല്ലാ തലത്തിലുമുള്ള അന്വേഷണം നടക്കുമെന്നും ഐ.ജി പി. പ്രകാശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.