കൊച്ചി: മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. ബാങ്കിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കള്ളപ്പണമുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സി.പി.എമ്മിലും ചർച്ചയായ സാഹചര്യത്തിലാണ് ജലീലിെൻറ വിശദീകരണം. മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷമായിരുന്നു കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ജലീൽ ഹാജരായത്.
എ.ആർ നഗർ ബാങ്കിലെ ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയം സഹകരണ വകുപ്പ് നല്ലനിലയിൽ അന്വേഷിക്കുന്നുെണ്ടന്നാണ് താൻ പറഞ്ഞത്. അതിനാലാണ് സഹകരണ വകുപ്പ് അന്വേഷണവിഭാഗം കൃത്യമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചത്. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു തെൻറ വാർത്തസമ്മേളനം.
ആദായനികുതി വകുപ്പും റിസർവ് ബാങ്കും ഇത് അന്വേഷിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഏത് ഏജൻസി അന്വേഷിക്കണമെന്ന് താനല്ല പറയേണ്ടത്. ബാങ്കിലെ വിവാദ ഇടപാടിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണമന്ത്രിക്കും സഹകരണ വകുപ്പ് അന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട് പകർപ്പ് സഹിതം താൻ നിവേദനം നൽകിയിട്ടുണ്ട്. അതിനോട് മുഖ്യമന്ത്രി നല്ല രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാറിൽ ശക്തമായ സമ്മർദം ചെലുത്തി ക്രമക്കേടിനെതിരെ നടപടിയെടുക്കാൻ ഇടപെടും.
മുഖ്യമന്ത്രി തന്നെ വിളിപ്പിക്കുകയായിരുന്നില്ലെന്നും തെൻറ ആഗ്രഹപ്രകാരം സന്ദർശിക്കുകയായിരുെന്നന്നും ജലീൽ പറഞ്ഞു. മാസത്തിലൊരിക്കലെങ്കിലും മുഖ്യമന്ത്രിയെ സന്ദർശിക്കാറുണ്ട്. ലീഗിനും നേതാക്കൾക്കുമെതിരായ കള്ളപ്പണ പരാതികളിൽ സി.പി.എമ്മിെൻറ പൂർണ പിന്തുണയുണ്ട്. അത് പാർട്ടി ആക്ടിങ് സെക്രട്ടറിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ലീഗ് മണ്ഡലം കമ്മിറ്റികൾ, പഞ്ചായത്ത് കമ്മിറ്റികൾ എന്നിവരുടെയൊക്കെ അക്കൗണ്ടുകൾ എ.ആർ നഗർ ബാങ്കിൽ ഉണ്ടായിരുന്നു. ഇവ മുഖേനയാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. വിവാദമായപ്പോൾ എല്ലാം റദ്ദാക്കി ഓരോന്നിെൻറയും സ്ഥാനത്ത് പലരുടെയും പേരുകൾ തിരുകിക്കയറ്റി.
ഡിലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ആദായനികുതി വകുപ്പ് ഉൾപ്പെടെയുള്ളവർക്ക് ഇടപാടുകളെക്കുറിച്ച് മനസ്സിലാക്കാനായത്. പാർട്ടി സംവിധാനം ഉപയോഗപ്പെടുത്തി ഒരു വ്യക്തി കള്ളപ്പണ ഇടപാട് നടത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ആദ്യത്തേതായിരിക്കും. നാഴികക്ക് നാൽപതുവട്ടം മാധ്യമങ്ങളെ കാണുന്ന കുഞ്ഞാലിക്കുട്ടി ഇപ്പോൾ അതിന് മുതിരാത്തത് എന്തുകൊണ്ടാണെന്നും ജലീൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.