സി.പി.എം ഫലസ്തീന്‍ വിഷയത്തിന്‍റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞു -വി.ഡി. സതീശൻ

മലപ്പുറം: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സി.പി.എം ഫലസ്തീന്‍ വിഷയത്തിന്‍റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട് സമസാരിക്കുകയായിരുന്നു.

വിദ്യാര്‍ഥി സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും. പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവിക കാര്യം മാത്രമാണ്. മലപ്പുറത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സാഹചര്യത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെ ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാഹോദര്യബന്ധം കൂടുതല്‍ സുദൃഢമായിരിക്കുന്ന കാലത്താണ് ഈ സൗഹൃദ സന്ദര്‍ശനം. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇക്കുറി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ല.

നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നുണ്ട്. യു.ഡി.എഫ് ഏറ്റവും സുശക്തമായ ജില്ല കൂടിയാണ് മലപ്പുറം. സി.പി.എമ്മിന് കൃത്യമായി മറുപടിയാണ് ലീഗ് നല്‍കിയിരിക്കുന്നത്. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് സന്തോഷവും അഭിമാനവുമുണ്ട്. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങള്‍ ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പരിപാടി നടത്തുന്നതിന്‍റെ കാരണത്തോട് ലീഗിനും കോണ്‍ഗ്രസിനും വിരോധമില്ല. ഫലസ്തീന്‍ വിഷയത്തില്‍ മഹാത്മ ഗാന്ധിയും ഇന്ദിരാ ഗന്ധിയും സ്വീകരിച്ച നിലപാട് തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. ലീഗ് കോഴിക്കോട് സംഘടിപ്പിച്ച അത്രയും വലിയ പരിപാടി നടത്താന്‍ ലോകത്ത് ആര്‍ക്കും സാധിച്ചിട്ടില്ല. ഓരോ പാര്‍ട്ടികളും അവരുടെ രീതിയിലാണ് പരിപാടികള്‍ നടത്തുന്നത്.

ഏക സിവില്‍ കോഡില്‍ സി.പി.എം നടത്തിയതിനേക്കാള്‍ വലിയ സെമിനാര്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു.

ലീഗിനെ മാത്രമാണ് സി.പി.എം റാലിയിലേക്ക് ക്ഷണിച്ചത്. അതുകൊണ്ട് തന്നെ അക്കാര്യം അവര്‍ ചര്‍ച്ച ചെയ്ത് നിലപാട് വ്യക്തമാക്കി. ഏക സിവില്‍ കോഡിലും ലീഗിനെയും സമസ്തയെയും വിളിക്കുമെന്നാണ് സി.പി.എം പറഞ്ഞത്. സി.പി.എമ്മിന് ഏക സിവില്‍ കോഡെന്ന വിഷയത്തോടല്ല, അതില്‍ നിന്നും രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ പറ്റുമോയെന്നാണ് ചിന്തിച്ചത്. ഫലസ്തീന്‍ വിഷയത്തിലും ലീഗിനെ ക്ഷണിക്കുമെന്നാണ് സി.പി.എം പറഞ്ഞത്. അവര്‍ക്ക് ഫലസ്തീനല്ല, ലീഗാണ് വിഷയം. വലിയൊരു വിഷയത്തെ വിലകുറഞ്ഞ രീതിയിലാണ് സി.പി.എം സമീപിക്കുന്നത്.

ഫലസ്തീന്‍ വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയമാക്കി യു.ഡി.എഫില്‍ എന്തോ കുഴപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. ഫലസ്തീന്‍ വിഷയത്തിന്‍റെ ഗൗരവം തന്നെ സി.പി.എം ചോര്‍ത്തിക്കളഞ്ഞു. യു.ഡി.എഫിലെ എല്ലാ പാര്‍ട്ടികളും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ലീഗിന്‍റെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. കോണ്‍ഗ്രസിന്‍റെ പത്താമത്തെ കണ്‍വെന്‍ഷനാണ് മലപ്പുറത്ത് നടക്കുന്നത്. ഈ മാസം 11ന് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും. ഡിസംബര്‍ അവസാനത്തോടെ എല്ലായിടത്തും യു.ഡി.എഫ് ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരും. മുഖ്യമന്ത്രിയും മന്ത്രിമാരും നേട്ടം പറയാന്‍ എത്തുമ്പോള്‍ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് ഈ സര്‍ക്കാറിനെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യും.

കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. സംഘര്‍ഷം ഇല്ലാത്ത സാഹചര്യത്തിലാണ് പൊലീസുകാരന്‍ പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. മറ്റൊരു വിദ്യാര്‍ഥിയുടെ തലക്കടിച്ചു. വിദ്യാര്‍ഥി സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും. നടപടി ഉണ്ടായില്ലെങ്കില്‍ എന്താണ് വേണ്ടതെന്ന് തീരുമാനിക്കും. കുട്ടികളെ കൊലക്കുകൊടുത്തിട്ടുള്ള ഒരു പരിപാടിയും വേണ്ട. അത്രയും സമാധാനം മതിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Tags:    
News Summary - CPM has played down the seriousness of the Palestine issue -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.