സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം സി.പി.എം കൂടുതൽ കോൺഗ്രസുകാരെ കൊന്നു -വി.ഡി സതീശൻ

സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം സി.പി.എമ്മുകാർ കേരളത്തിൽ കൂടുതൽ കോൺഗ്രസ് യുവാക്കളെ കൊലപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുസ്‍ലിം സംഘടനകൾ ആര്‍.എസ്.എസുമായി ചർച്ച നടത്തിയതിൽ കോൺഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണം അസംബന്ധമാണെന്ന് സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ യു.ഡി.എഫിനെ വലിച്ചിഴച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. ഡൽഹിയിലുള്ള സംഘടനകൾ ചർച്ച നടത്തിയതിന് കേരളത്തിലുള്ള യു.ഡി.എഫ് മറുപടി പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. 42 വർഷം ജമാഅത്തെ ഇസ്‍ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ചവരാണ് സി.പി.എം എന്നും അന്നവര്‍ക്ക് ജമാഅത്തെ ഇസ്‍ലാമി വര്‍ഗീയ കക്ഷിയായിരുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

''ജമാഅത്തെ ഇസ്‍ലാമി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത് മുതൽ 2019 വരെ 42 വർഷക്കാലം സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും സി.പി.എമ്മിന് അവർ വർഗീയ കക്ഷിയായിരുന്നില്ല. 2019 പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരായ നിലപാടുകളുടെ ഭാഗമായി അവര്‍ കോൺഗ്രസിനെ പിന്തുണക്കാൻ തീരുമാനിച്ചതോടെയാണ് സി.പി.എമ്മിന് അവര്‍ വര്‍ഗീയ കക്ഷിയായത്. ജമാഅത്തെ ഇസ്‍ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയൻ എത്രയോ തവണ സന്ദർശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു സുപ്രഭാതത്തിൽ അവരെ തള്ളിക്കളയുകയാണ്''- വി.ഡി സതീശന്‍ പറഞ്ഞു.

ആർ.എസ്.എസ് മുസ്‍ലിം സംഘടനാ ചർച്ചയിൽ യു.ഡി.എഫിന് ബന്ധമുണ്ടെന്ന വാദം അസംബന്ധമാണെന്ന് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനും കോടിയേരിയും ചെർന്ന് ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ വത്സൻ തില്ലങ്കേരിയുമായി ചർച്ച നടത്തിയിട്ടുണ്ട്. അന്ന് അവര്‍ അത് രഹസ്യമായി മൂടി വക്കാൻ ശ്രമിച്ചു. അന്ന് മുതൽ ആർ.എസ്.എസ് സി.പി.എം സംഘർഷം ഉണ്ടായിട്ടില്ല. അതിന് ശേഷമാണ് സി.പി.എം കൂടുതലായും കോൺഗ്രസിലെ ചെറുപ്പക്കാരെ കൊല്ലാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സി.പി.എം ആർ.എസ്.എസുമായി നടത്തിയ ചർച്ച രഹസ്യ ചർച്ച ആയിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന ​സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അന്നത്തെ ചർച്ചക്ക് ഫലമുണ്ടായി. ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയായിരുന്നു അത്.സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം കേരളത്തിലെ ക്രമസമാധാനത്തിൽ മാറ്റമുണ്ടായി എന്നും ചർച്ചയിലെ വിവരങ്ങൾ മറച്ചു​വെച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - CPM killed more Congressmen after CPM-RSS talk - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.