ന്യൂഡൽഹി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരിച്ച് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. ഡി.വൈ.എഫ്.ഐ നേതാവായ പ്രതിയെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും ഇതിൽ ഇടുക്കിയിലെ സി.പി.എം ജില്ലാ നേതാക്കൾക്ക് പങ്കുണ്ടെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.
പ്രതിയെ രക്ഷപ്പെടുത്താൻ ഒത്തുതീർപ്പ് രാഷ്ട്രീയമാണ് നടന്നത്. കീഴ്കോടതിയിൽ നിന്നുതന്നെ പ്രതിയെ രക്ഷപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. പ്രതിക്ക് വധശിക്ഷ ലഭിക്കുന്ന തരത്തിലുള്ള നടപടികളാണ് വേണ്ടത്. കേരളത്തിന്‍റെ ജനങ്ങളുടെ മനഃസാക്ഷി ഉണരണം.
വിധികേട്ട കുട്ടിയുടെ കുടുംബം ദുഃഖത്തിലാണ്. കേസ് അന്വേഷിച്ച സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചിരിക്കുകയാണ്. ബലാത്സംഗവും കൊലപാതകനും നടന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കൂടാതെ, കുറ്റകൃത്യം ചെയ്തെന്ന് പ്രതി സമ്മതിച്ചതാണ്. കേസിൽ അപ്പീൽ പോകുമെന്ന് കരുതുന്നതായും ഡീൻ വ്യക്തമാക്കി.
ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതിയും പെൺകുട്ടിയുടെ സമീപവാസിയുമായ അര്‍ജുനെ(24)യാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടത്. പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജു ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.