‘നീ എസ്.എഫ്.ഐക്ക് ക്ലാസെടുക്കാൻ വരരുത്’: ഫേസ്ബുക്കിൽ ബിനോയ് വിശ്വത്തിന് സി.പി.എം നേതാവിന്റെ ഭീഷണി

നാദാപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സി.പി.എം പ്രാദേശിക നേതാവിന്റെ ഭീഷണി. കല്ലാച്ചി ബ്രാഞ്ച് സെക്രട്ടറി ടി.പി. രംഞ്ജിഷിന്റെ ഫേസ്ബുക്കിലാണ് എസ്.എഫ്.ഐയെക്കുറിച്ച് നടത്തിയ പ്രസ്താവനക്കെതിരെ ബിനോയ് വിശ്വത്തിനെതിരെ ഭീഷണി പോസ്റ്റിട്ടത്. ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നടത്തിയ ജൽപനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്.എഫ്.ഐ ആയിരിക്കില്ല, ഓർത്താൽ നല്ലത്’ എന്നും, ‘നാദാപുരത്തെ സി.പി.എം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി മന്ത്രിയും എം.എൽ.എയുമായ നീ എസ്.എഫ്.ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നു’മാണ് പോസ്റ്റ്.

വിവാദ പോസ്റ്റ് തള്ളിപ്പറയാൻ കൂട്ടാക്കാതെ, അനുകൂലിക്കുന്ന സി.പി.എം അണികളുടെയും നേതാക്കളുടെയും നിലപാട് മേഖലയിൽ ഇരുപാർട്ടികളും തമ്മിലെ ബന്ധത്തിന് വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ഈ പോസ്റ്റ് നാദാപുരത്തെ സി.പി.എം നേതൃത്വവും പ്രവർത്തകരും ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ജില്ല കമ്മിറ്റി അംഗങ്ങളായ വി.പി. കുഞ്ഞികൃഷ്ണൻ, കെ.കെ. ദിനേശൻ തുടങ്ങിയ നേതാക്കളെല്ലാം പോസ്റ്റ് പങ്കുവെച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐയിൽനിന്ന് നാദാപുരം സീറ്റ് തിരിച്ചുവാങ്ങണം എന്നുവരെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ അഭിപ്രായങ്ങളുയരുന്നുണ്ട്.

നാദാപുരത്ത് സി.പി.എമ്മിന്റെ സംഘടന ബലത്തിലാണ് സി.പി.ഐ സ്ഥാനാർഥികൾ ജയിച്ചു കയറാറുള്ളത്. നേരത്തേതന്നെ സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം സി.പി.എമ്മിൽ ഉയർന്നിരുന്നു. എന്നാൽ, മുന്നണി മര്യാദയുടെ പേരിൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മന്ത്രിസഭ രൂപവത്കരണ ഘട്ടത്തിൽ സി.പി.ഐയിലെ മുതിർന്ന നേതാവായ ഇ.കെ. വിജയൻ എം.എൽ.എയെ തഴഞ്ഞ് മറ്റൊരാളെ മന്ത്രിയാക്കിയതിലും മണ്ഡലത്തിന്റെ പ്രാതിനിധ്യം നഷ്ടപ്പെടുത്തിയതിലും സി.പി.എം നേതാക്കളിലും പ്രവർത്തകരിലും വലിയ അമർഷത്തിനിടയാക്കിയിരുന്നു. ഇപ്പോൾ പുതിയ പ്രസ്താവനയിലൂടെ എസ്.എഫ്.ഐയെ പൊതുജനമധ്യത്തിൽ അവഹേളിക്കാൻ അവസരമൊരുക്കിയെന്ന ഗുരുതര ആക്ഷേപവും സി.പി.എം അണികൾക്കുണ്ട്.

Tags:    
News Summary - CPM leader's threat to Binoy Vishwam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.