നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ‘പി.പി ദിവ്യയുടെ പെരുമാറ്റം അപക്വം’

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. നവീൻ മാതൃകാപരമായ ഔദ്യോഗിക ജീവിതം നയിച്ച ആളാണെന്നും ഉദയഭാനു ഫേസ്ബുക്കിൽ കുറിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയുടെ പെരുമാറ്റം അപക്വമായിരുന്നു. ഇങ്ങനെയല്ല ഒരു യാത്രയയപ്പ് പരിപാടിയിൽ പെരുമാറേണ്ടത്. എ.ഡി.എമ്മിന്‍റെ മരണത്തിൽ പാർട്ടി വിശദമായ അന്വേഷണം നടത്തുമെന്നും കെ.പി. ഉദയഭാനു വ്യക്തമാക്കി.

കെ.പി. ഉദയഭാനുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഔദ്യോഗിക ജീവിതത്തിൽ ഏറെക്കാലവും പത്തനംതിട്ടയിൽ തന്നെയായിരുന്നതുകൊണ്ടും സി.പി.ഐ.എം -യുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വർഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്.

ഔദ്യോ​ഗിക ജീവിതം മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോവുകയും ജില്ലയിൽ NGO യുടെയും KGOA യുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയിൽ അദ്ദേഹം ദീർഘാനാൾ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.ജില്ലയിൽ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ആവശ്യവുമായി സമീപിച്ചിട്ടുള്ളവർക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.

നടന്ന സംഭവവികസങ്ങളേയും തുടർന്നുള്ള നവീന്റെ അത്മഹത്യയെയും സി.പി.ഐ.എം ഗൗരവമായാണ് കാണുന്നത്.ഇത് സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവിശ്യമായ നടപടികൾ സ്വീകരിക്കും.

തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ എ.ഡി.എം നവീൻ ബാബുവിന്റെ വേർപാടിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് അനുശോചനം രേഖപെടുത്തുന്നു.

Tags:    
News Summary - CPM Pathanamthitta District Secretary react to Naveen Babu's Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.