സി.പി.എമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയാകുമോ? സരിന്‍റെ മറുപടി ഇങ്ങനെ

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ പരസ്യ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനറും യുവനേതാവുമായ പി. സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് സരിൻ വാർത്താസമ്മേളനത്തിൽ ഉയർത്തിയത്. തീരുമാനം പുന:പരിശോധിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും സരിൻ വ്യക്തമാക്കിയിരുന്നു.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സരിൻ ഇടഞ്ഞതോടെ സി.പി.എം സരിനുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വാർത്തസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ടും ചോദ്യമുയർന്നു. പാലക്കാട് സി.പി.എമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയാകുമോ എന്നായിരുന്നു ചോദ്യം. എന്നാൽ, 'ആദ്യം കോൺഗ്രസിന്‍റെ സ്ഥാനാർഥി ആരാണെന്ന് തീരുമാനം ഉറക്കട്ടെ' എന്നാണ് സരിൻ ഇതിന് മറുപടി നൽകിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്നും പാലക്കാട് കോൺഗ്രസിന്‍റെ ജയം അനിവാര്യമാണെന്നും സരിൻ പറഞ്ഞു. ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ല. സ്ഥാനാർഥി ചർച്ചകൾ പ്രഹസനമായിരുന്നു. പാലക്കാട്ടെ യാഥാർഥ്യം പാർട്ടി തിരിച്ചറിയണം. ഈ രീതിയിൽ മുന്നോട്ട് പോയാൽ തോറ്റ് പോയേക്കാം. തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്. ചിലരുടെ സ്ഥാപിത താത്പര്യങ്ങൾക്ക് വഴങ്ങിയാൽ പാർട്ടി തകരും. യാഥാർഥ്യം മറന്ന് കണ്ണടച്ചാൽ വലിയ വില കൊടുക്കേണ്ടിവരും. സ്ഥാനാർഥി നിർണയത്തിൽ പുന:രാലോചനക്ക് ഇനിയും അവസരം ഉണ്ടെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Tags:    
News Summary - Will he be an independent candidate of CPM? Sarin's reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.