പാലക്കാട്: പാർട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാർഥി പ്രഖ്യാപനമാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റേതെന്നും തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് സംഭവിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ എം.പി. രാഹുൽ പാർട്ടിയുടെ സ്ഥാനാർഥിയാണ്. ഏതെങ്കിലും ഒരു വ്യക്തിയുടേതല്ല. സിരകളിൽ കോൺഗ്രസ് രക്തമോടുന്ന മുഴുവൻ പേരും പാർട്ടിക്കും രാഹുലിനും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ ഒരു യു.ഡി.എഫ് സ്ഥാനാർഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുലിന് ജയിക്കാനാകുമെന്നും ഷാഫി പറഞ്ഞു. സ്ഥാനാരർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരെ കെ.പി.സി.സി സോഷ്യൽ മീഡിയ കൺവീനർ പി. സരിൻ രംഗത്തുവന്നതിനു പിന്നാലെയാണ് ഷാഫി പറമ്പിലിന്‍റെ പ്രതികരണം.
“മുതിർന്ന നേതാക്കളെല്ലാം രാഹുലിന് അനുകൂലമാണ് പാലക്കാട്ടെ ജനവികാരമെന്ന് പറഞ്ഞുകഴിഞ്ഞു. പാലക്കാട്ടെ പാർട്ടി പ്രവർത്തകരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാർഥി പ്രഖ്യാപനമാണിത്. രാഹുൽ പാർട്ടിയുടെ സ്ഥാനാർഥിയാണ്. ഏതെങ്കിലും ഒരു വ്യക്തിയുടേതല്ല. രാഹുലിനെ സ്ഥാനാർഥിയാക്കിയ നേതൃത്വത്തെ നന്ദി അറിയിക്കുന്നു. വിജയത്തിനായി പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കും. സിരകളിൽ കോൺഗ്രസ് രക്തമോടുന്ന മുഴുവൻ പേരും പാർട്ടിക്കും രാഹുലിനും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. ഷാഫി പറമ്പിലിന്‍റെ സ്ഥാനാർഥിത്വവും രാഹുലിന്‍റെ സ്ഥാനാർഥിത്വവും പാർട്ടിയാണ് തീരുമാനിച്ചത്. പാർട്ടി തീരുമാനത്തിനപ്പുറമുള്ള ഒരു പ്രവൃത്തിയും എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
തെരഞ്ഞെടുപ്പ് ജയിക്കുക എന്നതിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട്ട് സംഭവിച്ചിട്ടില്ല. സി.പി.എം -ബി.ജെ.പി നെക്സസിനെതിരായ വികാരം ശക്തമാണ്. ശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ ഒരു യു.ഡി.എഫ് സ്ഥാനാർഥിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുലിന് ജയിക്കാനാകും. രാഹുലിന് നൽകുന്ന ഒരു വോട്ടും പാഴാകില്ലെന്ന് ഞാൻ ഉറപ്പു നൽകുകയാണ്. ജനപക്ഷത്തു നിൽക്കുന്ന ഒരു ജനപ്രതിനിധിയെ പാലക്കാടിന് കിട്ടും” -ഷാഫി പറഞ്ഞു.
നേരത്തെ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പി. സരിൻ രംഗത്തുവന്നത്. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് സ്ഥാനാർഥിയെ അവതരിപ്പിച്ചത്. ആരുടെയും വ്യക്തിതാൽപര്യമല്ല, കൂട്ടായ തീരുമാനമാണ് സ്ഥാനാർഥി നിർണയത്തിൽ ആവശ്യം. സ്ഥാനാർഥി ചർച്ചകൾ പ്രഹസനമായിരുന്നു. പാലക്കാട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമത് ബി.ജെ.പിയാണെന്ന് മനസ്സിലാക്കണം. പാർട്ടി തിരുത്തി ശരിയിലേക്ക് എത്തുമെന്നും ആ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.