കേന്ദ്ര സർക്കാരിന്റെ ബയോമെട്രിക്ക് പരിഷ്‌കരണം:എസ്.സി സ്കോളർഷിപ്പ് വിതരണത്തെ ബാധിക്കുന്നുവെന്ന് ഒ.ആർ. കേളു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ബയോമെട്രിക്ക് പരിഷ്‌കരണം ഈ വർഷവും സ്കോളർഷിപ്പ് വിതരണത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി ഒ.ആർ. കേളു. 2024-25 വർഷത്തെ പോസ്‌റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അപേക്ഷകൾക്കായി ഇ-ഗ്രാൻറ്സ് പോർട്ടൽ ഓപ്പൺ ചെയ്തിട്ടില്ലെന്നും എ.പി അനിൽകുമാറിന് നിയമസഭയിൽ മറുപടി നൽകി.

കേന്ദ്രമന്ത്രാലയം നിഷ്‌കർഷിക്കുന്ന ഓഥൻറിക്കേഷൻ സംബന്ധിച്ച് സാങ്കേതിക ബയോമെട്രിക്ക് നടപടികൾ പൂർത്തിയാക്കി സൈറ്റ് ഓപ്പൺ ചെയ്യുന്ന മുറക്ക് ഈ വർഷത്തെ സ്കോളർഷിക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എസ്.സി-എസ്.ടി വിഭാഗങ്ങളിലെ ഒന്ന് മുതൽ 10 വരെയുള്ള വിദ്യാർഥികളുടെ പ്രീമെട്രിക്ക് സ്കോളർഷിപ്പ് 2023-24 വരെ പൂർണമായും വിതരണം ചെയ്‌തുകഴിഞ്ഞു. 2024-25 ലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള സ്റ്റേറ്റ് സ്കോളർഷിപ്പുകളായ ലംസംഗ്രാന്റും സ്റ്റൈപെൻറും വിതരണം ചെയ്തിട്ടുണ്ട്. ഇത് പുർണമായും സംസ്ഥാന സർക്കാരാണ് വരുമാനപരിധി നോക്കാതെ നൽകിവരുന്നത്. എന്നാൽ ഒമ്പത്, 10 ക്ലാസുകളിലെ സെന്റട്രൽ സ്കോളർഷിപ്പ് വിഹിതം കുട്ടികൾക്ക് ഇനിയും ലഭിച്ചിട്ടില്ല.

2021-22 അധ്യയന വർഷം മുതൽ വിദ്യാർഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ ഡയറക്‌ട് ബനിഫിറ്റ് ട്രാൻസ്ഫ‌ർ സ്കീം (ഡി.ബി.ടി) സംവിധാനം മുഖേന മാത്രമേ അനുവദിച്ച് നൽകുവാൻ പാടുള്ളുവെന്ന് കേന്ദ്ര സർക്കാർ നിബന്ധന ഏർപ്പെടുത്തി. എന്നാൽ ഇതിനാവശ്യമായ സാങ്കേതിക സഹായം നൽകുവാൻ കേന്ദ്ര സർക്കാർ വരുത്തിയ കാലതാമസം കാരണം 2021-22 മുതൽ സ്കോളർഷിപ്പ് കുടിശ്ശിക വരുവാൻ കാരണമായി. സാങ്കേതിക സഹായം ലഭ്യമായ ഉടൻതന്നെ കുടിശ്ശിക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

2023-24 സാമ്പത്തിക വർഷത്തെ പോസ്‌റ്റ് മെട്രിക്ക് സ്കോളർഷിപ്പ് ഇനത്തിൽ പട്ടികജാതി വികസന വകുപ്പ് 512.64 കോടി രൂപയും പട്ടികവർഗ വികസന വകുപ്പ് 69.61 കോടി രൂപ ഈ കുടിശ്ശിക തീർക്കാനായി ചെലവഴിച്ചിട്ടുണ്ട്. 2024-25 വർഷത്തെ പട്ടികജാതി പട്ടികവർഗ്ഗ വികപ്പുകളുടെ ബജറ്റ് വിഹിതം (288 കോടി രൂപ) പൂർണമായും കുടിശ്ശിക വിതരണം ചെയ്യുന്നതിനായി ഇതിനകം വിനിയോഗിക്കുകയുണ്ടായി. അംഗീകരിച്ച ഇ-ഗ്രാൻറുകളിൽ ഇനി 10 ശതമാനം കുടിശ്ശിക കൂടി നൽകുവാനുണ്ട്.

പട്ടികജാതി വിഭാഗത്തിൽ പ്രതിവർഷം 3,62,000 കുട്ടികൾക്ക് പ്രീമെട്രിക്ക് സ്കോളർഷിപ്പും 1,35,000 കുട്ടികൾക്ക് പോസ്റ്റ‌്മെട്രിക്ക് സ്കോളർഷിപ്പ് ആനുകൂല്യവും നൽകിവരുന്നു. പട്ടികവർഗ വിഭാഗത്തിൽ ശരാശരി 50,000 കുട്ടികൾ പോസ്‌റ്റ് / പ്രീമെട്രിക്ക് സ്കോളർഷിപ്പ് ആനുകൂല്യം സ്വീകരിച്ചുവരുന്നു.

കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപക്ക് മുകളിലുള്ള വിദ്യാർഥികളുടെ സ്കോളർ ഷിപ്പ് തുക പൂർണമായും കേന്ദ്ര സർക്കാർ നിർത്തലാക്കി. അത് കൂടി സംസ്ഥാന സർക്കാരാണ് നിലവിൽ നൽകുന്നത്. പട്ടിക വർഗ വിദ്യാർഥികളുടെ പ്രീമെട്രിക്ക് / പോസ്റ്റ്‌മെട്രിക്ക് സ്കോളർഷിപ്പുകൾ പൂർണമായും വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സമയബന്ധിതമായി വിദ്യാഭ്യാസ എസ്.സി- എസ്.ടി വിദ്യാർഥികളുടെ  അനൂകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെന്നായിരുന്നു എ.പി അനിൽകുമാർ സബ്മിഷനിൽ ചൂണ്ടാക്കണിച്ചത്. ആനുകൂല്യങ്ങൾ ലഭിക്കാത്ത വിദ്യാർഥികൾ പഠനം നിർത്തുന്നുവെന്നും ഹോസ്റ്റലുകളിൽനിന്ന വിദ്യാർഥികളെ പിരിച്ചുവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജി റിപ്പോർട്ട് പ്രകാരം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ചപ്പറ്റി. ഇക്കാര്യം അക്കമിട്ട് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സി.എ.ജി റിപ്പോർട്ട് പരിശോധിക്കണമെന്നും എ.പി അനിൽകുമാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Central Govt Biometrics Reform: Affects SC Scholarship Distribution OR Kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.