കോഴിക്കോട്: ജിഷ്ണുവിന്‍റെ അമ്മക്കും കുടുംബത്തിനും നേരെ നടന്ന പൊലീസ് അതിക്രമത്തെ വിമർശിച്ച് സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പൊലീസ് സ്റ്റേഷന് മുൻപിൽ സമരമാകാമെങ്കിൽ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ലെന്ന് പോസ്റ്റിൽ എം.എ ബേബി വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിൻറെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ പൊലീസ് നയം മനസ്സിലാക്കാത്തവർ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മനസിലാകാതെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണ്.
പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ചും സ്റ്റേഷനു മുന്നിൽ സത്യഗ്രഹവും കേരളത്തിൽ സാധാരണമാണ്. പൊലീസ് സ്റ്റേഷനു മുന്നിൽ സമരമാകാമെങ്കിൽ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ല. പൊലീസ് നടപടിയിലെ അപാകതക്കെതിരെയാണ് മഹിജക്ക് സമരം ചെയ്യാനുള്ളതും. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലീസ് എടുക്കാൻ പാടുള്ളായിരുന്നു. പൊലീസ് ആസ്ഥാനം സമരത്താൽ അശുദ്ധമാകാൻ പാടില്ലാത്ത ഒരു സ്ഥലം എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ല.
കുറച്ചു നാൾ മുമ്പ് ജിഷ്ണു പ്രണോയിയുടെ വീട് ഞാൻ സന്ദർശിച്ചിരുന്നു. ജിഷ്ണുവിൻറെ അമ്മയും പിതാവും മറ്റു കുടുംബാംഗങ്ങളും കടന്നു പോകുന്ന കഠിനമായ ദു:ഖവും നീതി നിഷേധത്തിലുള്ള പ്രതിഷേധവും അവരെന്നോട് പങ്കു വെച്ചതാണ്. കേരളത്തിലെ വികലമായ സ്വാശ്രയ വിദ്യാഭ്യാസത്തിൻറെ ഇരയാണ് ജിഷ്ണു പ്രണോയ്. ജിഷ്ണുവിൻറെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനും ഉചിതമായ ശിക്ഷ നേടിക്കൊടുക്കാനും എല്ലാ ജനാധിപത്യവാദികളും ഒന്നിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.