ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണം ചൂടുപിടിച്ച ചർച്ചയായിരിക്കെ രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. എ.കെ.ജി ഭവനിൽ രാവിലെ 11ന് ആരംഭിക്കുന്ന യോഗത്തിെൻറ അജണ്ടയിൽ കേരളത്തിലെ വിവാദം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കേന്ദ്രകമ്മിറ്റി അംഗത്തിനെതിതെ ഉയർന്ന ആരോപണമെന്ന നിലയിൽ അജണ്ടക്ക് പുറത്ത് വിഷയം ചർച്ച ചെയ്യാൻ സാധ്യത. ഇതിനകം തന്നെ, നേതാക്കൾ തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞതായാണ് അറിവ്. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയാതെ പിണറായി വിജയൻ മാറിയതിനു പിന്നിൽ അത്രമേൽ ഗൗരവമുള്ളതല്ലെന്ന് പുറത്തുള്ള നേതാക്കളെ ബോധ്യപ്പെടുത്താനാണെന്നുള്ള സംശയം ഉയരുന്നുണ്ട്. എന്നാൽ, ആരോപണത്തിൽ നിന്നും പിന്നോട്ട് പോകാനില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പി. ജയരാജൻ. ഈ സാഹചര്യത്തിൽ പിണറായിയുടെ നിലപാട് നിർണായകമാണ്.
കേരളത്തിലെ മുതിർന്ന നേതാക്കൾ തമ്മില്ലുള്ള തർക്കത്തെ കുറിച്ചും സാമ്പത്തിക ആരോപണത്തിന്റെ വിശദാംശങ്ങളും കേന്ദ്രനേതൃത്വം ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിശദീകരണം നടത്താനാണ് സാധ്യത. വിഷയത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിന് കീഴിൽ നിർത്താനാണ് സാധ്യത.
തെറ്റുതിരുത്തൽ രേഖയിൽ വെളളം ചേർക്കേണ്ട നിലപാടാണ് എം.വി. ഗോവിന്ദനുള്ളത്. എന്നാൽ, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മനസ് തുറന്നിട്ടില്ല. ഇതിനിടെ, ഇ.പി. ജയരാജൻ അനുകൂലികൾ പി. ജയരാജനെതിരെ വ്യാപകമായ പരാതി ഉന്നയിക്കുകയാണ്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായുള്ള പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന പരാതി കേന്ദ്രനേതൃത്വത്തിന്റെ മുന്നിലുണ്ട്. മുൻ തീരുമാന പ്രകാരം ജനുവരിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.