മുഖ്യമന്ത്രിയുടെ വീടിനു സമീപം ഒളിവിൽ കഴിയാൻ പ്രതിക്ക് ധൈര്യം പകർന്നതാര്?; സി.പി.എം-ആർ.എസ്.എസ് ബന്ധം അന്വേഷിക്കണമെന്നും വി.ടി. ബൽറാം

പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസ് പിണറായി പാണ്ട്യാലമുക്കിൽ ഒളിവിൽ താമസിച്ചതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. ഞങ്ങളറിയാതെ ഒരീച്ച പോലും പറക്കില്ലെന്ന് സി.പി.എമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്.

അവിടെയാണ് ആ പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റർ മാത്രം അകലെ ഒരു സി.പി.എമ്മുകാരനെ കൊന്ന കേസിലെ ആർ.എസ്.എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പൊലീസ് ബന്തവസ്സും സി.പി.എമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശമാണിത്. അവിടെ ആർ.എസ്.എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ്?.

പ്രതി ഒളിവിൽ താമസിച്ചതിനു പിന്നിൽ സി.പി.എം-ആർ.എസ്.എസ് ബന്ധമാണോ, കണ്ണൂർ ജില്ലയിലെ സി.പി.എം ഗ്രൂപ്പ് വഴക്കാണോ എന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. സി.പി.എം പ്രവർത്തകനായിരുന്ന പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജിൽദാസാണ് പിണറായിയിൽ ഒളിവിൽ താമസിച്ചിരുന്നത്.

ഒളിവിൽ കഴിയാൻ വീട് വിട്ടുകൊടുത്ത സംഭവത്തിൽ അധ്യാപികയായ പി.എം. രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, നിജിൽ ദാസിനെ സി.പി.എം സംരക്ഷിട്ടില്ലെന്നും വീട്ടുടമ പ്രശാന്തിന് സി.പി.എം ബന്ധമില്ലെന്നും കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

"ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല" എന്ന് സിപിഎമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റർ മാത്രം അകലെ ഒരു സി.പി.എമ്മുകാരനെ കൊന്ന കേസിലെ ആർഎസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്! പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാൻ പുറത്തുനിന്ന് രണ്ട് പാർട്ടി സഖാക്കൾ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മിൽ വലിയ വിഭാഗീയതയുണ്ടായതും അത് വളർന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓർമ്മയിലുണ്ട്.

മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആർഎസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ്?

ഒന്നുകിൽ ഇരുവശത്തേയും ഉന്നത നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധം, അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്ക്.

ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം.

Full View


Tags:    
News Summary - CPM-RSS link to be probed - V.T. Balram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.