കുട്ടനാട്: വിഭാഗീയതയെത്തുടർന്ന് സി.പി.എം തകഴി ഏരിയ കമ്മിറ്റിയിലും ‘രാജി പ്രതിഷേധം’. സമ്മേളനത്തോട് അനുബന്ധിച്ചുണ്ടായ ചേരിതിരിവ് പരിഹരിക്കാതിരുന്നതാണ് മറ്റ് പലയിടത്തുമെന്നപോലെ തകഴിയിലും വിഭാഗീയത രൂക്ഷമാകാൻ കാരണം.
മഹിള അസോ. മുൻ ഏരിയ സെക്രട്ടറിയും നിലവിൽ തകഴി ലോക്കൽ കമ്മിറ്റി അംഗവുമായ സജിതകുമാരി രാജിക്കത്ത് നൽകി. എന്നാൽ, പാർട്ടി ചർച്ചക്കെടുത്തിട്ടില്ല. 15 അംഗ ലോക്കൽ കമ്മിറ്റിയിൽ ഒമ്പതുപേരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. 10 സജീവ പ്രവർത്തകരും മാറിനിൽക്കുകയാണ്. ഇക്കാരണത്താൽ പാർട്ടി തീരുമാനിച്ച ശിൽപശാല ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. ലോക്കൽ കമ്മിറ്റി കൂടിയിട്ട് മാസങ്ങളായി. പാർട്ടിയുടെ ആഹ്വാനപ്രകാരം ഗവർണർ വിഷയത്തിൽ സമരപരിപാടിക്ക് നിർദേശിച്ചതും നടന്നിട്ടില്ല.
നിലവിൽ തകഴി പഞ്ചായത്ത് പ്രസിഡന്റ്, സ്ഥാനം രാജിവെക്കാൻ തയാറെടുക്കുന്നതായാണ് സൂചന. രണ്ടുമാസം മുമ്പ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സി.പി.എമ്മിൽ തന്നെയുള്ള വൈസ് പ്രസിഡന്റ് പഞ്ചായത്തിൽ കുത്തിയിരുന്ന് സമരം ചെയ്തിരുന്നു. ഇക്കാര്യം ജില്ല സെക്രട്ടറിയെ ധരിപ്പിച്ചെങ്കിലും ഗൗനിക്കപ്പെട്ടില്ല. വിഭാഗീയ പ്രവർത്തനം ഇത്രയേറെ നടന്നിട്ടും പാർട്ടി കണ്ടില്ലെന്ന് നടിക്കുകയാണെന്നും എതിർപക്ഷം ആരോപിക്കുന്നു.
സി.പി.എം കുട്ടനാട് ഏരിയ കമ്മിറ്റിയിൽ ഒട്ടേറെ പേരാണ് പാർട്ടിയുമായി പിണങ്ങിനിൽക്കുന്നത്. രാമങ്കരിക്കും തലവടിക്കും മുട്ടാറിനും പിന്നാലെയാണ് തകഴി പഞ്ചായത്തിലും വിഭാഗീയത രൂക്ഷമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.