കൊച്ചി: ചരിത്രത്തിൽ മാടമ്പിമാരോട് എതിരിട്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിന്നതെന്നും അവർക്ക് വേണ്ടിടത്ത് ഉത്തരം നൽകിത്തന്നെയാണ് വളർന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലൊക്കെ ചുവപ്പു കാണുമ്പോൾ ചിലർക്ക് ഹാലിളകുന്നത് അത്ര ഗുണകരമായ കാര്യമല്ല. മാടമ്പിമാരെ താങ്ങിയല്ല ഈ പ്രസ്ഥാനം വളർന്നത്. ഹാലിളകുന്ന ശക്തികൾ അക്കാര്യങ്ങൾ സ്വയം മനസ്സിലാക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''ഇ.എം.എസ് സർക്കാർ മുതൽ ഇടതുപക്ഷ സർക്കാർ ഭരിച്ചപ്പോഴൊക്കെ ചെങ്കൊടിയേന്തിയവരാണ് ഭരണാധികാരികളായി വന്നത്. അതേ ചെങ്കൊടി റോഡിൽ കാണുന്നു ഇവിടെ കാണുന്നു എന്നൊക്കെ പറഞ്ഞ് ഒരുപാട് അലർജി കാട്ടുന്നുണ്ട് ചിലർ. ഇത് പണ്ട് പലരും ചോദിച്ചതാണ്. അവർക്ക് മറുപടിയും നൽകിയിട്ടുണ്ട്'' -പിണറായി പറഞ്ഞു.
എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസന നയരേഖ പൊതുവായ ചർച്ചക്ക് എൽ.ഡി.എഫിൽ അവതരിപ്പിക്കും. പിന്നീട് രേഖ പൂർണമായി നാടിന്റെ മുന്നിൽ കൊണ്ടുവരും. അത് ജനങ്ങളുടെ രേഖയായി മാറും. തുടർന്ന് സർക്കാർ അതിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കും. അഖിലേന്ത്യ അടിസ്ഥാനത്തിലെ വികസന മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി കേരളം മുൻനിരയിലാണെന്ന പേരിൽ സംസ്ഥാനത്തിനോട് നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ പുലർത്തുന്നത്. ആവശ്യങ്ങൾ നിറവേറ്റാനാവാത്ത തരത്തിൽ സാമ്പത്തിക സഹായം കുറക്കുന്നു. കേരളത്തിന് അവകാശപ്പെട്ട എയിംസിനോട് കേന്ദ്രം പുറംതിരിഞ്ഞുനിൽക്കുന്നു. ഇവിടെയുള്ള ബി.ജെ.പി സംസ്ഥാന വികസനത്തിന് എതിരാണ്. കോൺഗ്രസ് ബി.ജെ.പിക്ക് ഒപ്പം ചേർന്ന് വികസനത്തിന് തുരങ്കം വെക്കുന്നു.
കെ-റെയിലിനെ എതിർക്കുന്നവർക്ക് നാടിനെ പിറകോട്ടടിക്കലാണ് ലക്ഷ്യം. കാലാനുസൃതമാകണം നാട്. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് പദ്ധതി നടപ്പാക്കുക. കാലം കഴിയുമ്പോഴേക്കും ചെലവ് വർധിക്കുകയാണ്. സർക്കാർ ചെയ്യേണ്ടത് ജനതാൽപര്യം സംരക്ഷിച്ചുതന്നെ ചെയ്യും. എല്ലാ മേഖലയിലും വികസിതമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ രക്ഷ സി.പി.എമ്മിലൂടെയാണെന്ന് കേരള ജനത വിശ്വസിക്കുന്നുവെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതിൽ ശത്രുവർഗങ്ങൾ അങ്കലാപ്പിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റ് ഇടതുപക്ഷത്തിന് നൽകിയാൽ മോദി സർക്കാറിനെ പുറത്താക്കും. ഇടതുപക്ഷം മുൻകൈയെടുത്ത് മതനിരപേക്ഷ സർക്കാറിനെ കേന്ദ്രത്തിൽ കൊണ്ടുവരും. അതിന് ജനത്തെ മുൻനിർത്തി എൽ.ഡി.എഫ് പ്രവർത്തനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാം ശരിയാക്കി' പി. ശശി
കണ്ണൂർ: സി.പി.എം സംസ്ഥാന സമിതിയിൽ അപ്രതീക്ഷിത വരവ് പി. ശശിയുടേതാണ്. അദ്ദേഹം സമ്മേളന പ്രതിനിധിപോലുമായിരുന്നില്ല. 2011ൽ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ടയാളാണ്. പെരുമാറ്റദൂഷ്യമായിരുന്നു കാരണം. അന്ന് കണ്ണൂർ ജില്ല സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായിരുന്നു. ഔദ്യോഗിക പാനലിൽ ശശി ഇടം പിടിച്ചത് കോടിയേരി ബാലകൃഷ്ണൻ പേരു വായിച്ചപ്പോൾമാത്രമാണ് കണ്ണൂർ പ്രതിനിധികൾപോലും അറിഞ്ഞത്. സ്ത്രീവിഷയത്തിൽ പുറത്താക്കപ്പെട്ടയാളെ തിരിച്ചെടുക്കുന്നത് പാർട്ടിയിൽ മുറുമുറുപ്പിന് ഇടയാക്കാതിരിക്കാനുള്ള കരുതലായിരുന്നു എല്ലാം. സ്ത്രീവിഷയത്തിൽ ആരോപണവിധേയനെ നേതൃത്വത്തിൽ കൊണ്ടുവന്നതിൽ സി.പി.എമ്മിന് നേരെ ധാർമിക ചോദ്യങ്ങളുയരും. മുതിർന്ന നേതാക്കളിൽനിന്നടക്കം വനിതകൾക്ക് ദുരനുഭവം നേരിടേണ്ടി വരുന്നുവെന്ന് മന്ത്രി ആർ. ബിന്ദു ഉൾപ്പെടെ സമ്മേളന ചർച്ചയിൽ ഉന്നയിച്ചതിനു പിന്നാലെയാണ് ശശിയെ തിരിച്ചെടുത്തത് എന്നതും ശ്രദ്ധേയം. പിണറായിയും കോടിയേരിയും ഉൾപ്പെടെ കണ്ണൂർ ലോബിയുമായുള്ള അടുപ്പമാണ് ശശിക്ക് തുണയായത്.
ആക്ഷേപമുയർന്നപ്പോൾ പാർട്ടിയിൽനിന്ന് അവധിയെടുക്കേണ്ടി വന്ന ശശിയെ പാർട്ടി കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കിയത്. ശേഷം തലശ്ശേരി കേന്ദ്രീകരിച്ച് അഭിഭാഷകനായി പ്രവർത്തിച്ച ശശി ഇടത് അഭിഭാഷക സംഘടന ലോയേർസ് യൂനിയൻ ജില്ലാ ഭാരവാഹിയായി. പാർട്ടി നടപടിക്ക് കാരണമായ ആക്ഷേപവുമായി ബന്ധപ്പെട്ട് മൂന്നാം കക്ഷി നൽകിയ കേസ് കോടതി തള്ളിയതിന് പിന്നാലെ, 2018ൽ പാർട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തി. ബ്രാഞ്ച്, ഏരിയ കമ്മിറ്റി അംഗമായി. 2019ൽ വീണ്ടും ജില്ല കമ്മിറ്റിയിൽ. ശേഷമാണ് അപ്രതീക്ഷിത തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.