സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ സംഘപരിവാറിന്റേയും, യു.ഡി.എഫിന്റേയും ശ്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത്‌ അത്‌ തകര്‍ക്കുന്നതിനുള്ള ബോധപൂർവമായ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റേയും, യു.ഡി.എഫിന്റേയും നേതൃത്വത്തില്‍ നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌. സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളും ഇത്തരം ശ്രമങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌.

തിരുവനന്തപുരത്തെ വികസന പ്രവര്‍ത്തനം തടസപ്പെടുത്തുന്ന ബി.ജെ.പി, യു.ഡി.എഫ്‌ രാഷ്‌ട്രീയം തുറന്നുകാട്ടി മുന്നേറുന്ന എല്‍.ഡി.എഫ്‌ ജാഥക്ക്‌ നേരെ കഴിഞ്ഞ ദിവസം അക്രമണം ഉണ്ടായി. അതിന്റെ തുടര്‍ച്ചയായാണ്‌ ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെയുള്ള അക്രമം.

ഇക്കഴിഞ്ഞ ആറ്‌ വര്‍ഷത്തിനുള്ളില്‍ 23 സി.പി.എം പ്രവര്‍ത്തകരാണ്‌ ആര്‍.എസ്‌.എസിന്റേയും, യു.ഡി.എഫിന്റേയും, എസ്‌.ഡി.പി.ഐയുടേയും കൊലക്കത്തിക്ക്‌ ഇരയായത്‌. ഇതില്‍ 17 പേരെ കൊലപ്പെടുത്തിയത്‌ ബി.ജെ.പിയാണ്‌. ഇത്തരം വസ്‌തുതകള്‍ വാര്‍ത്തയാകാതെ നിസാരമായ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച്‌ പാര്‍ടിയെ സംബന്ധിച്ച്‌ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനുള്ള തീവ്ര ശ്രമങ്ങളാണ്‌ ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

സംസ്ഥാനത്ത്‌ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച്‌ മുന്നോട്ടുപോകുന്നവരുടെ നീക്കങ്ങളെ തുറന്നുകാട്ടാനാകണം. പാർട്ടിയെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളില്‍ പ്രകോപനം സൃഷ്ടിച്ച്‌ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം പ്രകോപിതരാകരുത്‌. ഇത്തരം ഇടപെടലുകളെ ജനങ്ങളെ അണിനിരത്തി നേരിടുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കും. അതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ അഭ്യർഥിച്ചു.

Tags:    
News Summary - CPM State Secretariat Alleges Sangh Parivar and UDF Attempt to Destroy Law and Order in the State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.