എ.സി മൊയ്‌തീനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനുവേണ്ടിയുള്ള ഇ.ഡി പരിശോധനയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രതിഷേധിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും, നിലവിൽ  എം.എല്‍.എയുമായ എ.സി മൊയ്‌തീനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിനുവേണ്ടിയുള്ള ഇ.ഡി പരിശോധനയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌  പ്രതിഷേധിച്ചു. മൊയ്‌തീന്റെ വീട്ടിലാണ്‌ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടന്നത്‌.

സംശുദ്ധ രാഷ്‌ട്രീയ ജീവിതം നയിക്കുന്ന എ.സി മൊയ്‌തീനെ സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂർവമായ പരിശ്രമമാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂർവമായ ഇടപെടല്‍ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ തുടര്‍ച്ചയായുള്ള ഇടപെടലിന്റെ ഭാഗമാണ്‌ ഈ നടപടി. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ്‌ അരങ്ങേറുന്നത്‌. വലതുപക്ഷ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ പരസ്‌പരം മത്സരിക്കുന്ന സ്ഥിതിയാണ്‌ നിലനില്‍ക്കുന്നത്‌. യു.ഡി.എഫ്‌ ആകട്ടെ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്‌ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്‌ നിലനില്‍ക്കുന്നത്‌. 

എ.സി മൊയ്‌തീനെ ഉള്‍പ്പെടെ അപകീര്‍ത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്‌ട്രീയ ശക്തികളും, ചില മാധ്യമങ്ങളും ചേര്‍ന്ന്‌ സൃഷ്ടിച്ചിട്ടുള്ള മാധ്യമ കൂട്ടുകെട്ടിനെതിരെ പ്രതിഷേധം ഉയരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അറിയിച്ചു.

Tags:    
News Summary - CPM state secretariat protests ED probe to put AC Moiten under shadow of suspicion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.