കൊച്ചി: സ്മാർട്ട് സിറ്റിയിലേക്ക് നീണ്ട 37 വർഷങ്ങൾക്ക് ശേഷം സി.പി.എം സംസ്ഥാന സമ്മേളനം എത്തുമ്പോൾ വെർച്വൽ ലോകത്ത് മഹാസമ്മേളനമാക്കാൻ പാർട്ടി ഒരുക്കം. പൊതുസമ്മേളനത്തിന് 1500 പേർ നേരിട്ട് പങ്കെടുക്കുമ്പോൾ അഞ്ചുലക്ഷം പേരെ വെർച്വലായി പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം.
എറണാകുളം ജില്ലയിലെ 3030 ബ്രാഞ്ച് കേന്ദ്രങ്ങളിൽ ഇതിനായി സ്വാഗതസംഘം ഓഫിസുകൾ തുറന്ന് സംവിധാനം ഒരുക്കി. മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിലാണ് സമ്മേളനം. ആദ്യം ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ നടത്താനാണ് തീരുമാനിച്ചതെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മറൈൻ ഡ്രൈവ് ഗ്രൗണ്ടിലേക്ക് മാറ്റിയതെന്ന് സ്വാഗതസംഘം ചെയർമാൻ പി. രാജീവും ജനറൽ സെക്രട്ടറി സി.എൻ. മോഹനനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങളിൽ വരുത്തുന്ന ഇളവുകൾക്ക് അനുസരിച്ച് നേരിട്ട് പങ്കെടുക്കുന്നവരുടെ എണ്ണം ക്രമീകരിക്കും. 400 സമ്മേളന പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം ബി. രാഘവൻ നഗറിലും പൊതുസമ്മേളനം ഇ. ബാലാനന്ദൻ നഗറിലും നടക്കും. കൂടാതെ സംസ്ഥാന കമ്മിറ്റി ഓഫിസ്, ഉന്നത നേതാക്കളുടെ വിശ്രമസൗകര്യം, ഭക്ഷണ സൗകര്യം എന്നിവയും പ്രത്യേകമായി ഒരുക്കും.
സെമിനാർ, കലാപരിപാടികൾ എന്നിവ മറൈൻ ഡ്രൈവ് ഹെലിപാഡിൽ ഒരുക്കുന്ന അഭിമന്യു നഗറിലാണ് നടക്കുക. ജില്ലയിൽ 1985 നവംബർ 20 മുതൽ 24 വരെ എറണാകുളം ടൗൺഹാളിലാണ് ഇതിന് മുമ്പ് സംസ്ഥാന സമ്മേളനം നടന്നത്. അന്ന് ജനറൽ സെക്രട്ടറി ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.