വിഭാഗീയത തടയാൻ സി.പി.എം; നാല് ഏരിയ സെക്രട്ടറിമാരെ മാറ്റി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ വിഭാഗീയതക്കും നേതാക്കളുടെ വടംവലിക്കും ‘മൂക്കുകയറിടാൻ’ ശക്തമായ നടപടികളുമായി സി.പി.എം നേതൃത്വം. നാല് ഏരിയ സെക്രട്ടറിമാരെ മാറ്റാനും ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കാനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. വിഭാഗീയ പ്രവർത്തനം തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സംസ്ഥാന സെക്രട്ടറി നൽകി. വാർത്ത ചോർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന കർശന താക്കീതും നൽകി. സാമ്പത്തികാരോപണങ്ങൾ അന്വേഷിക്കും.

മാറ്റുന്നത് പരാതിക്ക് പിന്നാലെ

വിഭാഗീയതയും വിവാദങ്ങളും കണ്ടെത്തിയ ചില ഏരിയ കമ്മിറ്റികൾ ഉൾപ്പെടെ നാല് ഏരിയ സെക്രട്ടറിമാരെ മാറ്റി. പാളയം, കഴക്കൂട്ടം, നേമം, വിതുര ഏരിയ സെക്രട്ടറിമാരെയാണ് മാറ്റുന്നത്. കിളിമാനൂർ, നെടുമങ്ങാട് ഏരിയകളിലെ വിഭാഗീയതക്ക് തടയിടാൻ പ്രത്യേക യോഗം വിളിക്കും. നേമത്തും വിതുരയിലും അനഭിലഷണീയപ്രവണതകൾ കണക്കിലെടുത്താണ് നടപടിനീക്കം. ഫണ്ട് തിരിമറി, വനിത പ്രവർത്തകയുടെ പരാതിയിൽ നടപടി സ്വീകരിക്കാതിരിക്കൽ തുടങ്ങി നിരവധി ആരോപണങ്ങൾ ഈ ഏരിയ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ഉയർന്നിരുന്നു. സമീപകാലത്ത് യുവജനസംഘടന നേതാക്കളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും സെക്രട്ടറിയെ മാറ്റാൻ കാരണമായി.

നേമത്ത് പാറക്കുഴി സുരേന്ദ്രനും വിതുരയിൽ അഡ്വ.എൻ. ഷൗക്കത്തലിയുമാണ് സെക്രട്ടറിമാർ. അനാരോഗ്യം കണക്കിലെടുത്താണ് കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിലിനെ മാറ്റുന്നത്. തലസ്ഥാന ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഏരിയ കമ്മിറ്റിയായ പാളയത്ത് സംഘടനാപ്രവർത്തനം കുറച്ചുകൂടി കാര്യക്ഷമമാക്കാനാണ് സെക്രട്ടറിയെ മാറ്റുന്നതെന്നാണ് വിവരം. പ്രസന്നകുമാറാണ് ഏരിയ സെക്രട്ടറി.

വാർത്ത ചോർത്തിയാൽ കർശനനടപടി

വാർത്ത ചോർത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകി. ഫോൺ നമ്പറുകൾ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഔദ്യോഗികമായി ഉപയോഗത്തിലുള്ള ഫോൺ നമ്പറിന് പുറമേ സ്വകാര്യമായി ഉപയോഗിക്കുന്നതുണ്ടെങ്കിൽ ആ നമ്പറും പാർട്ടി ഓഫിസിൽ കൈമാറാൻ അംഗങ്ങളോട് നിർദേശിച്ചു. പാർട്ടിയുടെ രഹസ്യസ്വഭാവം കൃത്യമായി പാലിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടിയിലേക്ക് നീങ്ങുമെന്നുമാണ് മുന്നറിയിപ്പ്.

‘വടംവലി’ കടുത്ത മുന്നറിയിപ്പിന്കാരണമായി

പ്രമുഖ നേതാക്കൾ തമ്മിൽ വാഗ്വാദമുണ്ടായതാണ് കർശന മുന്നറിയിപ്പിന് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ജില്ല കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും തമ്മിലെ വടംവലി രൂക്ഷമായതോടെ ഏരിയ സെക്രട്ടറിയെ ശക്തമായ ഭാഷയിൽ സംസ്ഥാന സെക്രട്ടറി താക്കീത് ചെയ്തു. കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാറും ജില്ല കമ്മിറ്റി അംഗം രാജേന്ദ്രകുമാറും തമ്മിൽ ദീർഘനാളായി ശീതസമരം തുടരുകയാണ്. രാജേന്ദ്രകുമാറിനെതിരായ വിമർശനം റിപ്പോർട്ടിലുൾപ്പെടുത്തി ഏരിയ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ചിരുന്നു. രാജേന്ദ്രകുമാർ ജില്ല സെന്ററിന് പരാതി നൽകിയതോടെയാണ് ജില്ല കമ്മിറ്റി വിഷയം ചർച്ചക്കെടുത്തത്.

വി. ജോയി ജില്ല സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. വിഭാഗീയതക്ക് തടയിടാനുള്ള നടപടികളും ആരംഭിച്ചു. അതിനിടെയാണ് ചില ഏരിയ കമ്മിറ്റികളിൽ വിഭാഗീയതയും പ്രീണനപ്രവർത്തനങ്ങളും നടക്കുന്നതായ ആക്ഷേപങ്ങളും പരാതികളും ഉയർന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ചില കമ്മിറ്റികൾക്കെതിരെ നടപടിക്ക് നീക്കം.

Tags:    
News Summary - CPM to prevent sectarianism; Four area secretaries were transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.