പുതുക്കിയ നയരേഖയുമായി സി.പി.എം; ആശ്രയം വിദേശ വായ്പ

തിരുവനന്തപുരം: വിദേശ വായ്പകളെ ആശ്രയിച്ച് സംസ്ഥാനത്തിന്‍റ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കാൻ നിർദേശിച്ച് സി.പി.എമ്മിന്‍റെ വികസന നയരേഖ. പൊതുമേഖല, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) പദ്ധതികൾ, സ്വകാര്യ മേഖലയെ ഉദാരമായി പ്രോത്സാഹിപ്പിക്കൽ ഉൾപ്പെടെ പരിഷ്കരണം നിർദേശിക്കുന്ന 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന നയരേഖ ശനിയാഴ്ച്ച സി.പി.എം പ്രസിദ്ധീകരിച്ചു.

നികുതി വിഹിതം കുറയുന്നതും ഗ്രാന്‍റുകൾ നിലക്കുന്നതും കാരണം സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഞെരുക്കം രൂക്ഷമാകുമെന്ന് രേഖ മുന്നറിയിപ്പ് നൽകുന്നു. നികുതി പങ്കുവെക്കലിലൂടെ ലഭിക്കുന്ന വിഹിതവും കുറയും. 2022 ജൂൺ 30ന് ജി.എസ്.ടി നഷ്ടപരിഹാരവും ഇല്ലാതാകും. കേന്ദ്രാവിഷ്കൃത പദ്ധതിയിൽനിന്നുള്ള പങ്കും കുറയും. ഈ സാഹചര്യത്തിൽ സാമൂഹിക ക്ഷേമ മേഖലയിലും അത്യാവശ്യ മേഖലയിലും ഒഴികെ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥിതിയാണ്. ഇടതുപക്ഷ താൽപര്യങ്ങൾ ഹനിക്കാത്ത വിധത്തിലുള്ള വിദേശ വായ്പകളെ ആശ്രയിച്ച് മുന്നോട്ടുപോകാനാകണം. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ ശമ്പള നിർണയത്തിൽ ജീവിതച്ചെലവിനൊപ്പം സ്ഥാപനത്തിന്‍റെ സാമ്പത്തികശേഷികൂടി കണക്കിലെടുത്ത് നിലപാട് സ്വീകരിക്കണം. വ്യവസായ നടത്തിപ്പ് വ്യവസ്ഥ ഉദാരമാക്കണം.

വ്യവസായത്തിലെ അനഭിലഷണീയ പ്രവണത തൊഴിലാളി സംഘടനാ നേതൃത്വവുമായി ചർച്ചചെയ്ത് ഒഴിവാക്കണം. സ്വകാര്യ വ്യവസായികൾക്ക് നൽകാൻ കിഫ്ബി, കിൻഫ്ര, കെ.എസ്.ഐ.ഡി.സി വഴി ഭൂമി വാങ്ങണം. കയർ, കശുവണ്ടി മേഖലയിൽ കാലോചിത മാറ്റം വേണം. സർക്കാർ-സഹകരണ മേഖലയിലും പൊതു-സ്വകാര്യ പങ്കാളിത്ത മേഖലയിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ വേണം. സാമൂഹിക നിയന്ത്രണത്തോടെ ഇവ പ്രവർത്തിപ്പിക്കണം.

ആരോഗ്യമേഖലയിൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സക്ക് ഇടപെടണം. ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തുംനിന്ന് രോഗികളെ ആകർഷിക്കുന്നതിന് നിലവിലുള്ളതിന് പുറമേ വൻകിട ആശുപത്രികൾ വരണം. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഇത്തരം ആശുപത്രികൾ വരുന്നതിന് സഹായകരമായ പദ്ധതിക്ക് രൂപംകൊടുക്കണമെന്നും നയരേഖ നിർദേശിക്കുന്നു.  

Tags:    
News Summary - CPM with revised policy; Reliance Foreign Loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.