തലശ്ശേരി: ജീപ്പിന് നേരെയുണ്ടായ കല്ലേറിൽ ബി.ജെ.പി പ്രവർത്തകൻ ചെക്യാട് മണക്കടവിലെ കുന്താളൂർ ഹൗസിൽ കെ.കെ. രാജൻ (52) കൊല്ലപ്പെടാനിടയായ സംഭവത്തിൽ കേസിൽ പ്രതികളായ മുഴുവൻ സി.പി.എം പ്രവർത്തകരെയും വിചാരണ കോടതി വെറുതെ വിട്ടു. പ്രതി ചേർക്കപ്പെട്ട സി.പി.എം പ്രവർത്തകരായ ഇരിവേരിയിലെ പുതിയ പുരയിൽ വിനോദ് കുമാർ, ചപ്പാരപ്പടവിലെ കെ.പി. ശ്രീജേഷ്, ഇരിവേരിയിലെ പാറോൽ വീട്ടിൽ പി. ഹാരിസ്, കൂവ്വേരി സ്വദേശികളായ പി.ടി. പ്രശോഭ്, പുതിയപുരയിൽ പി.എം. മനുകുമാർ, പി.കെ. വിശാഖ്, ടി.വി. അഖിൽ എന്നിവരെയാണ് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്.
2014 ഡിസംബർ ഒന്നിന് പയ്യന്നൂരിൽ നടന്ന കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തിൽ പങ്കെടുത്ത് തിരിച്ചുപോകുകയായിരുന്ന ബി.ജെ.പി പ്രവർത്തകർ സഞ്ചരിച്ച ജീപ്പിന് നേരെ രാത്രി ഒമ്പതരക്ക് ഇരിവേരി മടക്കാട് ടൗണിന് സമീപത്തുണ്ടായ കല്ലേറിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ രാജൻ രണ്ടര മാസത്തെ ചികിത്സക്കൊടുവിൽ 2015 ഫെബ്രുവരി 14ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. നിക്കോളാസ് ജോസഫും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.