സി.പി.എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം:മൂന്ന്​ ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ സി.പി.എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന്​ ആർ.എസ്​.എസ്​ പ്രവർത്തകർ അറസ്​റ്റിൽ. നെല്ലൂന്നിയിലെ പി.വി.സച്ചിൻ (24),  മട്ടന്നൂർ കൊക്കയിയെ കെ.വി.സുജി (21),  നീർവേലിയിലെ പി.വി.വിജിത്ത് (20) എന്നിവരാണ്​ അറസ്​റ്റിലായത്​. സംഘർഷത്തിൽ പരിക്കേറ്റ്​ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് ഇന്നു രാവിലെ മൂന്നു പേരെയും അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സി.ഐ ജോഷി ജോസും സംഘവും ചേർന്നു അറസ്റ്റു ചെയ്തത്. ഇവരെ സ്റ്റേഷനിലെത്തിച്ചതിനു ശേഷം  അറസ്റ്റ്​ രേഖപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട്​ ഒമ്പതു ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ്​ കേസെടുത്തത്‌. ഞായറാഴ്ച വൈകിട്ട് 3.15 ഓടെ മട്ടന്നൂർ - ഇരിട്ടി റോഡിൽ പഴയ മദ്യഷോപ്പിനു സമീപത്തുണ്ടായ അക്രമത്തിൽ നാലു സി.പി.എം പ്രവർത്തകർക്കാണ് വെട്ടേറ്റത്. കൈക്കും വയറിനും വെട്ടേറ്റ സി.പി.എം പ്രവർത്തകരും പുലിയങ്ങോട്, ഇടവേലിക്കൽ സ്വദേശികളുമായ പി. ലനീഷ് (32),  പി. ലതീഷ് (28), ടി.ആർ.സായൂഷ് (34), എൻ.ശരത്ത് (28)  എന്നിവർ ചികിൽസയിലാണ്. ഗുരുതരമായി പരിക്കേറ്റ ലനീഷ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും മറ്റുള്ളവർ കണ്ണൂർ എ.കെ.ജി ആശുപത്രിയിലുമാണ് ചികിൽസയിൽ കഴിയുന്നത്.

പരിക്കേറ്റവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നത്. സി.പി.എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു ശേഷം അക്രമികളിൽ നാലുപേർ ഒരു ബൈക്കിൽ കയറി പോകുന്ന സി.സി.ടിവി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ നിന്നു പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് മൂന്നു പേരെ അറസ്റ്റു ചെയ്തത്.

സി.പി.എം പ്രവർത്തകർ ഇരിട്ടി റോഡിലുള്ള പെട്രോൾ പമ്പിലേക്ക് പോകുന്നതിനിടെ  ബൈക്കിലെത്തിയ സംഘം കാറിനു കുറുകെ ബൈക്കിടുകയും ആക്രമിക്കുകയുമായിരുന്നു. കാർ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘം വാൾ ഉപയോഗിച്ചു കാറിലുണ്ടായിരുന്ന നാലു പേരെയും കുത്തുകയും വെട്ടുകയുമായിരുന്നു. സംഭവത്തിനു ശേഷം അക്രമികൾ ഒരു ബൈക്ക് സംഭവ സ്ഥലത്തും വെട്ടാൻ ഉപയോഗിച്ച വാൾ ആശ്രയ  ഹോസ്പിറ്റലിനു സമീപവും ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. അക്രമത്തിൽ പങ്കുള്ള മറ്റുള്ളവരെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ  പ്രതികളെ ഇന്നു മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - CPM workers attacked - Three RSS workers arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.