ഷംസീർ പറഞ്ഞത് തിരുത്തില്ല; മാപ്പ് പറയുകയുമില്ല -വിശദീകരണവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രസംഗത്തിനിടെ ഹിന്ദു വി​ശ്വാസത്തെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിൽ സ്പീക്കർ മാപ്പുപറയുകയോ തിരുത്തിപ്പറയുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രവും മിത്തും സംബന്ധിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവന വര്‍ഗീയവത്കരിക്കുന്നതിനെതിരെ ജാഗ്രത വേണം. മിത്തുകളെ ശാസ്ത്രീയമായി ചിത്രീകരിക്കുന്നതിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്ക് എതിരാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും മിത്തിനെ മിത്തായും കാണണം. അതിനെ വർത്തമാനകാലവുമായി കൂട്ടിയിണക്കി ശാസ്ത്രം എന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല. ഗണപതി മിത്താണോ എന്ന ചോദ്യത്തിന്​ ശാസ്ത്രമാണോ എന്നായിരുന്നു മറുപടി.

ഗണപതിയെ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപപ്പെടുത്തിയതാണെന്നാണ് മുംബൈയിൽ ആശുപത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. ഷംസീറല്ല അങ്ങനെ പറഞ്ഞത്. ഗണപതി മിത്താണ്. ശാസ്ത്രമല്ല. ഇങ്ങനെയുള്ള മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ ശ്രമിക്കുന്നത് തെറ്റായ പ്രചാരണവേലയാണ്.

പരശുരാമൻ കടലിൽനിന്ന് കേരളത്തെ സൃഷ്ടിച്ചു എന്നാണ് വിശ്വാസം. ആ കര ബ്രാഹ്മണനു നൽകി എന്നുമുണ്ട്​ വിശ്വാസം. ബ്രാമണ്യത്തിന്റെ കാലത്തല്ല കേരളം രൂപപ്പെട്ടത്. അതിനും ആയിരക്കണക്കിന് കൊല്ലംമുമ്പ്​ രൂപപ്പെട്ടതാണ് കേരളം. മതവിശ്വാസത്തനെതിരായ നിലപാട് സി.പി.എമ്മിന‌ില്ല. ഞങ്ങളുടെ ദാർശനിക നിലപാട് വൈരുധ്യാത്മക ഭൗതിക വാദമാണ്. അതനുസരിച്ച് ഇന്ത്യൻ സമൂഹത്തെ മനസ്സിലാക്കാനും പഠിക്കാനുമാണു ശ്രമിക്കുന്നത്. അ​തേസമയം തന്നെ, അമ്പലത്തില്‍ പോകാനുള്ള ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന പ്രസ്ഥാനമാണ് സി.പി.എം. അമ്പലത്തിൽ പോവുന്നതിലോ, വഴിപാട് കഴിക്കുന്നതിലോ ഞങ്ങൾക്ക് എതിർപ്പു രേഖപ്പെടുത്തേണ്ടതില്ല. പക്ഷേ, അതു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്കു മാറുന്നില്ലേയെന്നു സ്വയം പരിശോധിക്കണം. വിശ്വാസികൾ കൂടുതലുള്ളത്​ സി.പി.എമ്മിലാണ്​.

നാമജപ ഘോഷയാത്രക്കെതി​രെ ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സി.പി.എമ്മിലെ ചില നേതാക്കളെ പ്രത്യേകമായി പേരെടുത്ത്​ പറഞ്ഞ്​ പ്രതികരണം ആവശ്യപ്പെടുന്നതിന്​ പിന്നിൽ വർഗീയതയാണ്​. അത്​ ഗൗരവത്തിൽ കാണും. സ്​പീക്കർക്കെതിരെ കെ. സുരേന്ദ്രനാണ്​ ആദ്യം പറഞ്ഞത്​. ഉടനെ കോൺഗ്രസ്​ ഇടപെട്ടു. ബി.ജെ.പി പറയുന്നത്​ കോൺഗ്രസ്​ ഏറ്റെടുക്കുക എന്നതാണ്​ സംഭവിക്കുന്നത്​.

എല്ലാറ്റിന്‍റെയും ലക്ഷ്യം ലോക്സഭ തെരഞ്ഞെടുപ്പാണ്​. ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നത്​ കലാപമാണെന്നും എം.വി. ഗോവിന്ദൻ തുടർന്നു. 

Tags:    
News Summary - CPM's position is not against religious belief MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.