തിരുവനന്തപുരം: കണിയാപുരം കരിച്ചാറയിൽ കെ-റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരൻ മുമ്പും നിരവധി തവണ ശിക്ഷാനടപടികൾക്ക് വിധേയനായ ആളാണെന്ന് റിപ്പോർട്ട്. മംഗലപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എ. ഷെബീറിന് സർവീസിൽ അഞ്ച് തവണ സസ്പെൻഷൻ ലഭിച്ചതായാണ് വിവരം.
2011 സെപ്റ്റംബർ 25ന് കേബിൾ കണക്ഷന്‍റെ വാടക ചോദിച്ചെത്തിയ വയോധികനെ കൈയേറ്റം ചെയ്യുകയും ഇരുചക്രവാഹനം മറിച്ചിടുകയും ചെയ്ത സംഭവത്തിൽ തുമ്പ പൊലീസ് ഷെബീറിനെതിരെ കേസെടുത്തിരുന്നു. ഇതേ വർഷം തന്നെ സുഹൃത്തുക്കളുമായി ചേർന്ന് രമേശൻ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ചതിന് ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു.
മെഡിക്കൽ കോളജ് സ്റ്റേഷനിൽ ജോലി ചെയ്യവെ അഭിഭാഷകനെ മർദിച്ച പരാതിയിലും പ്രതിയായി. കൂടാതെ, കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഒന്നര വർഷം അച്ചടക്ക നടപടി ഷെബീർ നേരിട്ടിരുന്നു.
2019 ജൂൺ ഏഴിന് രാത്രി അപകടകരമായ രീതിയിൽ കാർ ഓടിക്കുന്നതിനിടെ കഴക്കൂട്ടം പൊലീസ് ഷെബീറിന് തടഞ്ഞ് പിടികൂടിയിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അസിസ്റ്റന്‍റ് കമീഷണറുടെ യൂണിഫോമിൽ ഷെബീർ കടന്നു പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തത് വലിയ വിവാദമായിരുന്നു. അഞ്ച് വിഷയങ്ങളും സസ്പെൻഷനിലാണ് കലാശിച്ചത്.
വ്യാഴാഴ്ചയാണ് കണിയാപുരം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ ഷെബീർ ബൂട്ടിട്ട് ചവിട്ടിയത്. ഉന്നത ഉദ്യോഗസ്ഥർ വിലക്കിയിട്ടും മർദനം തുടരുകയായിരുന്നു. പൊലീസുകാരന്‍റെ നടപടി വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. തുടർന്ന് റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന്റെ നിർദേശ പ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
ഷെബീറിന്റേത് ശരിയായ നടപടിയായിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. അമിത ബലപ്രയോഗം കാണിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പൊലീസുകാരന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവെ കഴക്കൂട്ടത്ത് ലോഡ്ജിൽ മദ്യപിക്കവെയുണ്ടായ സംഘട്ടനത്തെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ശേഷം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മണ്ണന്തല സ്റ്റേഷനിലെത്തിയ ഇയാൾക്കെതിരെ സ്പെഷൽ ബ്രാഞ്ച് മോശമായ റിപ്പോർട്ടാണ് നൽകിയത്.
സി.ഐയുടെ വാഹനം ദുരുപയോഗം ചെയ്ത സംഭവം ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് അവിടെ നിന്നും മാറിയ ഷെബീർ വീടിന് സമീപമുള്ള മംഗലപുരം സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം വാങ്ങിയതും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചായിരുന്നത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.