തിരുവനന്തപുരം: കെ.എ.എസ് ഉദ്യോഗസ്ഥർ നാടിന്റെ സ്വത്തിന്റെ കാര്യവിചാരകരും സാധ്യതകളുടെ പ്രചാരകരുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എ.എസ് ദിനാഘോഷവും കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസർ അസോസിയേഷൻ ഒന്നാം വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എ.എസ് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിൽ നിയമിച്ചത് പുരോഗമനപരമായ മാറ്റങ്ങൾ വകുപ്പുകളിൽ കൊണ്ടുവരാൻ വേണ്ടിയാണ്. പഴയതിന്റെ തുടർച്ചക്ക് അധ്യക്ഷത വഹിക്കുവാനുള്ള സ്ഥാനമല്ല കെ.എ.എസ്. മറിച്ച് മാറ്റങ്ങൾക്കും ജാഗ്രതാ പൂർണമായ ഇടപെടലുകൾക്കും നവീകരണത്തിനും പുതിയ ചാല് കീറാനുള്ളവരാണ് കെ.എ.എസ് ഉദ്യോഗസ്ഥർ.
കെ.എ.എസ് ആദ്യ ബാച്ച് എന്ന നിലയിൽ ഉദ്യോഗസ്ഥർ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾക്ക് ഒപ്പം സർക്കാർ നിന്നിരുന്നു. ഉദ്യോഗസ്ഥർ നേരിട്ട സർവീസ് പ്രശ്‌നങ്ങളിൽ വലിയ അളവിൽ സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രശ്‌നങ്ങളിൽ സർക്കാർ ഉടൻതന്നെ പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്‌പെഷ്യൽ റൂൾ ഭേദഗതി സംബന്ധിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. അതോടൊപ്പം തന്നെ ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ കെ.എ.എസ് ഉദ്യോഗസ്ഥർക്ക് പിരിയോടിക്കൽ ട്രെയിനിങ് നൽകുന്ന കാര്യവും സർക്കാർ പരിശോധിക്കും. അപ്രധാന വകുപ്പുകളെ സുപ്രധാനമുള്ളതാക്കി മാറ്റുവാൻ കെ.എ.എസ് ഉദ്യോഗസ്ഥർ ശ്രമിക്കണം.
ജി 20 ഉച്ചകോടിയുടെ യോഗങ്ങളിലും, കേരളീയം, നവ കേരളസദസ് തുടങ്ങിയ പരിപാടികളിലും കെ.എ.എസ് ഉദ്യോഗസ്ഥർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുവാൻ നടത്തിയ കൂട്ടായ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കെ.എ.എസ് ഉദ്യോഗസ്ഥരിൽ സംസ്ഥാന സർക്കാരിനും പൊതുജനങ്ങൾക്കും പ്രതീക്ഷകൾ ഏറെയാണ്.
ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോസിറ്റീവ് സമീപനം പുലർത്തണം. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൊണ്ട് ഫയലുകളിൽ തീരുമാനമെടുക്കാനുള്ള കാലതാമസം കുറക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അടുത്ത ബാച്ച് കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുവാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആദ്യ കെ.എ.എസ് ബാച്ച് എന്ന നിലയിൽ ഇനി വരുന്ന ബാച്ചുകൾക്ക് മാതൃകയാകുന്ന തരത്തിലേക്ക് ഉദ്യോഗസ്ഥർ ഉയർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ജനാധിപത്യത്തോട് ആദരവ് പുലർത്തിക്കൊണ്ട് ഭരണ നിർവഹണം നടത്തണം. പുരോഗമന മതേതര മൂല്യങ്ങളാൽ നയിക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥ സമൂഹത്തെയാണ് നമുക്ക് വേണ്ടത്.
ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് ഉത്തരവാദിത്ത സമീപനമുള്ള ഉദ്യോഗസ്ഥ സംസ്‌കാരം അനിവാര്യമാണ്. ഭരണരംഗത്ത് ചില പുത്തൻ കാഴ്ചപ്പാടുകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സമഭാവനയോടെയുള്ള പെരുമാറ്റം, പൗരാവകാശത്തെ പറ്റിയുള്ള അവബോധം, ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസം എന്നീ ഗുണങ്ങൾ ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉയർന്ന സേവന ബോധം, മതനിരപേക്ഷത മനോഭാവം എന്നിവയോടൊപ്പം പുരോഗമനപരമായ പക്ഷത്ത് ഉദ്യോഗസ്ഥർ നിൽക്കണം. നിയമാനുസൃതമായ മാറ്റങ്ങൾ പ്രാവർത്തികമാക്കാനുള്ള ആർജ്ജവവും ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എ.എസ് ഓഫീസർ ചിത്രലേഖ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.