കോഴിക്കോട്: കേരള വോളിബാൾ അസോസിയേഷനിലെ ക്രമക്കേടുകളെയും നിയമവിരുദ്ധ നടപടികളെയും കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻ ദേശീയ താരവും ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയുമായ സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ കേസ് അന്വേഷിക്കും.
കേരള വോളിബാൾ അസോസിയേഷനിൽ അടിമുടി അഴിമതിയും ഏകാധിപത്യവുമാണെന്ന് സെബാസ്റ്റ്യൻ ജോർജ് പരാതിയിൽ പറഞ്ഞിരുന്നു. 2018ൽ കോഴിക്കോട്ട് നടന്ന ദേശീയ സീനിയർ പുരുഷ, വനിത വോളിബാൾ ചാമ്പ്യൻഷിപ്പിൽ വൻക്രമക്കേടും അഴിമതിയും നടന്നതായി ആരോപണമുണ്ടായിരുന്നു. സ്പോൺസർക്ക് തന്നെ 32 ലക്ഷം നൽകിയെന്നും അരക്കോടിയോളം രൂപ താമസസൗകര്യത്തിനായി ചെലവായെന്നും കേരള വോളിബാൾ അസോസിയേഷൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ചാമ്പ്യൻഷിപ്പിെൻറ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ചെയർമാനായ സംഘാടകസമിതിയായിരുന്നു ചാമ്പ്യൻഷിപ്പ് നടത്തിയത്.
സംസ്ഥാനത്തെ വോളിബാൾ ക്ലബുകളുടെ അംഗത്വഫീസ് 5000രൂപ വരെ ഉയർത്തിയ നടപടിയും അന്വേഷിക്കണമെന്ന ആവശ്യമുയർന്നിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ അംഗീകാരം നഷ്ടമായിട്ടും പലതരം ഫീസുകളും അസോസിഷേയൻ പിരിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണയിൽ നടന്ന ദേശീയ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിലെ ക്രമക്കേട് സംബന്ധിച്ച് പ്രധാന ഭാരവാഹിക്കെതിരെ വിജിലൻസ് കേസെടുത്തെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല.
നിലവിൽ അസോസിയേഷന് അംഗീകാരം നഷ്ടമായതിനാൽ സ്പോർട്സ് കൗൺസിൽ നേരിട്ട് ചാമ്പ്യൻഷിപ്പുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേരള വോളി അസോസിയേഷനെതിരായ അന്വേഷണം സ്വാഗതാർഹമാണെന്നും കുറ്റവാളികൾക്കെതിരെ നടപടിയെുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരനായ സെബാസ്റ്റ്യൻ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.