തൊടുപുഴ: റിമാന്‍ഡ് പ്രതി രാജ്കുമാര് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച സംഭവത്തില്‍ ഇടുക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന് വീഴ്ച പറ്റിയതായി അന്വേഷണ സംഘം. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും മെഡിക്കൽ ഫിറ്റ്നസ് ഉറപ്പാക്കാത്ത റിമാൻഡ് പ്രതിയെ ജയിലിൽ പ്രവേശിപ്പിച്ച നടപടി കൃത്യവിലോപമാണെന്നുമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച വിവരം.
എസ്.പി അറിയാതെയല്ല രാജ്കുമാറിെന മൂന്നാംമുറക്ക് വിധേയനാക്കിയതെന്ന വിവരങ്ങൾ നേരേത്ത പുറത്തുവന്നിരുന്നു. രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനിൽ നാലുദിവസം കസ്റ്റഡിയിൽെവച്ചത് എസ്.പിയുടെയും കട്ടപ്പന ഡിവൈ.എസ്.പിയുടെയും അറിവോടെയാണെന്ന മൊഴി സസ്പെൻഷനിലായ ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചതായാണ് സൂചന. പ്രതി ശാരീരികമായി അവശത നേരിടുകയാണെന്ന് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ നടപടിയെടുക്കാത്തതും എസ്.പിയുടെ വീഴ്ചയായി ക്രൈംബ്രാഞ്ച് വിലയിരുത്തുന്നുണ്ട്. രേഖാമൂലം അറിയിച്ചില്ലെന്ന എസ്.പിയുടെ നിലപാട് വീഴ്ച സ സമ്മതിക്കുന്നതിനു തുല്യമാണെന്ന വിലയിരുത്തലും അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു. എന്നാൽ, എസ്.പിക്കെതിരെ നടപടി പാടില്ലെന്നത് ജില്ലകമ്മിറ്റി മുഖ്യമന്ത്രി മുമ്പാകെ വെച്ചതിനാൽ കണ്ടെത്തൽ റിപ്പോർട്ടാേക്കണ്ടതില്ലെന്ന നിർദേശമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. വിവരം ഉന്നത ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. അനിവാര്യമായാൽ സ്ഥലമാറ്റം എന്നതിനപ്പുറം നടപടി വേണ്ടെന്നാണ് സി.പി.എം ജില്ല നേതൃത്വത്തിെൻറ താൽപര്യം.
ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം 13നും 14നും രണ്ടുതവണയാണ് തട്ടിപ്പുകേസിൽ പിടിയിലായ രാജ് കുമാർ കസ്റ്റഡിയിൽ തീർത്തും അവശനാണെന്നു മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയത്. രണ്ടുദിവസം കൂടി കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ അനധികൃതമായി കസ്റ്റഡിയിൽവെച്ചു. റിപ്പോർട്ടിൽ നടപടി നിർദേശിക്കാതിരുന്നതും മർദനം വിലക്കാതിരുന്നതും മൂന്നാംമുറ സംബന്ധിച്ച് അറിവുണ്ടായതിന് തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.