സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പു കേസിൽ; അതിജീവിത എതിരായി മൊഴി നൽകിയിട്ടില്ല -എം.വി. ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്

P1 സുധാകരനെ വിളിപ്പിച്ചത് സാമ്പത്തിക തട്ടിപ്പുകേസിലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിലെന്ന് ക്രൈംബ്രാഞ്ച്. അതിജീവിതയുടെ ഭാഗത്തുനിന്ന്​ കെ. സുധാകരനെതിരെ മൊഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിൽനിന്ന് ലഭിക്കുന്ന വിവരം.

കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും സുധാകര‍ന്‍റെ പേരില്ല. മോന്‍സണ്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പോക്‌സോ കേസ് അതിജീവിത കെ. സുധാകരനെതിരെയും മൊഴി നൽകിയിട്ടുണ്ടെന്നും അതിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു. നിലവില്‍ മോന്‍സണ്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകേസാണ് അന്വേഷിക്കുന്നത്. കെ. സുധാകരന്‍ കേസിലെ രണ്ടാം പ്രതിയാണ്. ഈ സാമ്പത്തിക തട്ടിപ്പുകേസിലാണ് ചോദ്യം ചെയ്യല്‍ നടക്കാന്‍ പോകുന്നത്. പോക്‌സോ കേസിലല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പുകേസിലെ പരാതിക്കാരുടെ പക്കല്‍നിന്ന്​ വാങ്ങിയ പണത്തില്‍നിന്നും മോന്‍സണ്‍ സുധാകരന് 10 ലക്ഷം രൂപ കൈമാറിയിരുന്നതായി പരാതിക്കാർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കും. കേസില്‍ കഴിഞ്ഞ 14ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സുധാകരന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് 23ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മോൻസണെതിരെ വിധി വന്നതിന്റെ പിറ്റേന്നാണ് സുധാകരനെതിരെ ഗുരുതര ആരോപണവുമായി എം.വി. ഗോവിന്ദൻ രംഗത്തുവന്നത്. തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചതെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

Tags:    
News Summary - Crime branch rejected MV Govindan's allegations against K sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.