കായംകുളം : സൗജന്യ ചികിത്സ നൽകണമെന്ന് കലക്ടർ നിർദ്ദേശിച്ച രോഗിയോട് ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നടപടി വിവാദമാകുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി ഉത്തരവിട്ടു.
വിധവയായ കണ്ണമ്പള്ളിഭാഗം ആദിൽ മൻസിലിൽ മാജിതക്കാണ് ആശുപത്രിയിൽ നിന്നും ദുരനുഭവമുണ്ടായത്. ഗർഭപാത്ര സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. അമിതമായ രക്തസ്രാവവും ക്ഷീണവുമായി എത്തിയ രോഗിയോട് ഗർഭപാത്രം നീക്കം ചെയ്യണമെന്നും ഇതിനായി അഡ്മിറ്റ് ആകണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. വെള്ളിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും ഇതിനായി 3,000 രൂപ തനിക്കും 1,500 രൂപ അനസ്തേഷ്യ വിഭാഗത്തിലും നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായി മാജിത പറയുന്നു.
ഭർത്താവ് അൻവർ സാദത്ത് രണ്ട് വർഷം മുമ്പ് മരണപ്പെട്ടതോടെ മാജിദയും രണ്ടു മക്കളും മറ്റുള്ളവരുടെ സഹായങ്ങളിലൂടെയാണ് കഴിയുന്നത്. പ്രയാസങ്ങൾ വർധിച്ചതോടെ ചികിത്സാ സഹായം തേടി കലക്ടർക്ക് മുന്നിലും എത്തിയിരുന്നു. ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചികിത്സ തേടിയത്. സംഭവം അറിഞ്ഞതോടെ മന്ത്രി വീണാ ജോർജ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.