കൊച്ചി: നടൻ ദിലീപിനെ ചോദ്യംചെയ്യുന്നതിനിടെ അപ്രതീക്ഷിത നീക്കങ്ങളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മൊഴികൾ ഉറപ്പിക്കാൻ രണ്ടാം ദിനം ഉച്ചയോടെ സംവിധായകരായ റാഫി, അരുൺ ഗോപി എന്നിവരെ വിളിച്ചുവരുത്തി. ദിലീപിന്‍റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ മാനേജറും എത്തി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ സാമ്പിളുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ വ്യക്തത വരുത്താനാണ് നീക്കം.
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാൻ ലക്ഷ്യമിട്ട 'പിക്പോക്കറ്റ്' സിനിമയുടെ തിരക്കഥാകൃത്താണ് റാഫി. അരുൺ ഗോപി ഒരുക്കിയ 'രാമലീല'യിൽ ദിലീപായിരുന്നു നായകൻ. തിങ്കളാഴ്ച രാവിലെ കൃത്യം ഒമ്പതിന് തന്നെ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ കളമശ്ശേരി ജില്ല ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വ്യത്യസ്ത വാഹനങ്ങളിലായി എത്തി. രാത്രി എട്ടുമണി വരെ ഇവരുടെ ചോദ്യംചെയ്യൽ നീണ്ടു. ഇതോടെ ഹൈകോടതി അനുവദിച്ച 33 മണിക്കൂർ ചോദ്യംചെയ്യലിൽ 22 മണിക്കൂർ പൂർത്തിയായി. ബുധനാഴ്ച ചോദ്യംചെയ്യൽ തുടരും.
എസ്.പി എം.പി. മോഹനചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ഞായറാഴ്ച ദിലീപ് വിവരിച്ച കാര്യങ്ങൾ പൂർണമായും കേട്ടിരുന്ന അന്വേഷണ സംഘം തിങ്കളാഴ്ച പക്ഷെ അടവുമാറ്റി. ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്നത് സംബന്ധിച്ച രൂപരേഖ ഞായറാഴ്ച വൈകീട്ട് തന്നെ തയാറാക്കിയിരുന്നു. ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്‍റേതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു. ദിലീപും സഹപ്രതികളും പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകൾ രണ്ടാം ദിനത്തിൽ ഒന്നൊന്നായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതായാണ് സൂചന.
പിക്പോക്കറ്റ് സിനിമയിൽ അഭിനയിക്കാൻ ദിലീപിന് താൽപര്യമായിരുന്നുവെന്ന് മൊഴി നൽകിയിറങ്ങിയശേഷം റാഫി മാധ്യമങ്ങളോട് വിവരിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ സിനിമയിൽനിന്ന് പിന്മാറുന്നതായി തന്നെ അറിയിച്ചിട്ട് ഒരുവർഷമാകുന്നുവെന്നും ചൂണ്ടിക്കാട്ടി. സിനിമയില്‍നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി അറിയില്ല. സിനിമ വൈകുന്നതില്‍ അദ്ദേഹത്തിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും റാഫി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പിക്പോക്കറ്റ് എന്ന സിനിമയില്‍നിന്ന് പിന്മാറിയത് താനാണെന്നാണ് ദിലീപ് വ്യക്തമാക്കിയിരുന്നത്. പിന്മാറിയശേഷം ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തെന്നാണ് ദിലീപിന്റെ വാദം. റാഫിയുടെ പ്രതികരണത്തിലൂടെ ഈ വാദം പൊളിയുകയാണ്.
തുടരന്വേഷണ സാധ്യത മങ്ങിയിട്ടില്ല -എസ്.പി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സാധ്യത മങ്ങിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രൻ. കേസില്‍ വിചാരണക്ക് സമയം നീട്ടിനല്‍കില്ലെന്ന സുപ്രീംകോടതി വിധി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിനെ ബാധിക്കില്ല. രണ്ടും വ്യത്യസ്തമായ കേസുകളാണ്. ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.